"അയാളുടെ ഫോണ്‍ പോലും എടുക്കില്ല" ഖട്ടറിനെതിരെ തിരിച്ചടിച്ച് അമരീന്ദര്‍
കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നാണ് ഖട്ടാറിന്റെ ആരോപണം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ആരോപണങ്ങൾക്ക് ശക്തമായി മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഖട്ടറിന് എന്താണ് പറയേണ്ടതറിയില്ലെന്നും അതിനാലാണ് അദ്ദേഹം ഇതൊക്കെ വിളിച്ചുപറയുന്നതെന്നും അമരീന്ദർ പറഞ്ഞു. ഖട്ടർ വിളിച്ചാൽ ഫോൺ പോലും എടുക്കില്ലെന്നും അമരീന്ദർ പറഞ്ഞു
പ്രതിഷേധിക്കാൻ അവർക്ക് അവകാശമുള്ളതിനാലാണ് പഞ്ചാബ് അവരെ തടയാതിരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ അവരെ തടയുന്നത്. എന്തുകൊണ്ടാണ് ജലപീരങ്കികളും കണ്ണീർ വാതകങ്ങളും അവർക്കെതിരെ പ്രയോഗിക്കുന്നത്. തങ്ങളും ഡൽഹിയും അവരെ തടയാതിരിക്കുമ്പോൾ അവരെ തടയാൻ നിങ്ങൾ ആരാണ്? സത്യസന്ധമല്ലാത്ത പെരുമാറ്റം ഇഷ്ടമല്ലാത്തതിനാല്‍ ഖട്ടർ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അമരീന്ദർ പറഞ്ഞു.
നേരത്തെ കര്‍ഷക മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സര്‍ക്കാരിനും മുഖ്യമന്ത്രി അമരീന്ദര്‍ സിങിനുമെതിരെ വിമര്‍ശവുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നാണ് ഖട്ടാറിന്റെ ആരോപണം. പ്രതിഷേധത്തിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നും ഖട്ടാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പതിനായിരണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതിന്റെ ഉത്തരവാദികള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ്, പ്രതിഷേധം നയിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കര്‍ഷകര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് വിമര്‍ശനം നേരിടുന്ന ഹരിയാണ പോലീസിന് ഖട്ടാര്‍ നന്ദിപറയുകയാണ് ചെയ്തത്. ' പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാണയിലെ കര്‍ഷകര്‍ സംയമനം പാലിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും സംയമനം പാലിച്ച കർഷകരോടും ഹരിയാണ പോലീസിനോടും നന്ദി പറയുന്നുവെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ മാധ്യമങ്ങളോട് പ്രതീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ താല്പര്യമാണ് കര്‍ഷകപ്രതിഷേധത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.