LiveTV

Live

National

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

ഭീമ കൊറേ​ഗാവ് ​ഗൂഡാലോചന കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിക്കായി സിപ്പർ കപ്പ് കാമ്പയിനുമായി സോഷ്യൽ മീഡിയ. പാർക്കിൻസൻ രോ​ഗത്താൽ‍ ബുദ്ധിമുട്ടുന്ന സ്റ്റാൻ സ്വമിക്ക് ജയിലിൽ ഉപയോ​ഗിക്കാൻ സ്ട്രോയും സിപ്പർ കപ്പും നൽകാനാവില്ലെന്ന എൻ.ഐ.എയുടെ നിലപാടിനെതിരെയാണ് കാമ്പയിൻ. സിപ്പർ കപ്പിനായുള്ള സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ മൂന്നാഴ്ച്ച സമയമാണ് എൻ.ഐ.എക്ക് കോടതി നൽകിയത്.

ഭീമ കൊറേ​ഗാവ് ജാതി സംഘർഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ എട്ടിനാണ് സ്റ്റാൻ സ്വാമിയെ ജാർഘണ്ഡിൽ വെച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യും നേരം അദ്ദേഹത്തിന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്നാണ് അഭിഭാഷകൻ ഷരീഫ് ഷെയിഖ് പറയുന്നത്. ഇത് തിരികെ ലഭിക്കാൻ മൂന്നാഴ്ച്ച മുമ്പ് സ്റ്റാൻ സ്വാമി നൽകിയ അപേക്ഷയിൽ, തങ്ങളുടെ പക്കൽ അദ്ദേഹത്തിന്റെ വസ്തക്കളൊന്നും തന്നെയില്ല എന്നായിരുന്നു എൻ.ഐ.എയുടെ മറുപടി.

കപ്പും സ്ട്രോയും അനുവദിക്കുന്നതിനെ കുറിച്ച് മറുപടി നൽകാൻ മറ്റൊരു 20 ദിവസം കൂടി കോടതിയോട് ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ ഭാ​ഗം പരി​ഗണിച്ച്, ഹരജിയിൽ അടുത്ത വാദം ഡിസംബർ നാല് വരെ നീട്ടിയിരിക്കുകയാണ്.

എൻ.ഐ.എക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നുയർന്നത്. രോ​ഗബാധിതനായ ഒരാൾക്ക് അത്യാവശ്യമായി അനുവദിക്കേണ്ട അവകാശങ്ങൾ പോലും അന്വേഷണ സംഘം തടഞ്ഞു വെക്കുകയാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. ഇതേതുടർന്നാണ് സിപ്പർ കപ്പ് ക്യാമ്പയിനുമായി ഒരു കൂട്ടം പേർ രം​ഗത്ത് വന്നത്.

കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളിയിരുന്നു. യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ അറിയിച്ചു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്.