സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി സ്റ്റാന്‍ സ്വാമി ഇനിയും കാത്തിരിക്കണം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്

ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാ.സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഡിസംബര്‍ അവസാനംവരെ കാത്തിരിക്കേണ്ടി വരും. ഹര്‍ജിയില്‍ ജയില്‍ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹരജി ഡിസംബര്‍ നാലിലേക്ക് മാറ്റി. പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനാല്‍ ഗ്ലാസ് കൈയില്‍ ശരിയായി പിടിക്കാന്‍ കഴിയാത്തതിനാലാണ് അദ്ദേഹം സ്ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെടുന്നത്. ഒരു മാസത്തോളമായി തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്വാമി.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തന്നെ അറസ്റ്റു ചെയ്തപ്പോള്‍ പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പുണെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ എന്‍.ഐ.എ സത്യവാങ്മൂലം നല്കി. ഇതോടെ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളി. തുടര്‍ന്ന് ജയിലില്‍ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ജയിലിനു പുറത്തുനിന്നുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളിയിരുന്നു. യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ അറിയിച്ചു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരുന്നത്.