കോവിഡ്; രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി പഞ്ചാബ്, വീണ്ടും നിയന്ത്രണങ്ങള്‍
കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഒരിടവേളക്ക് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ ഡിസംബര്‍ ഒന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഒരിടവേളക്ക് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ ഡിസംബര്‍ ഒന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാലോ പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാലോ ചുമത്തുന്ന പിഴ ഇരട്ടിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആയിരം രൂപ വരെ പിഴ ചുമത്താനാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ 500 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം രാത്രി 9.30 ഓടെ എല്ലാ ഹോട്ടലുകളും അടക്കണം. വിവാഹ ആഘോഷങ്ങളും ഈ സമയത്തിനുള്ളില്‍ അവസാനിപ്പിക്കണം. കോവിഡിന്റെ രണ്ടാംഘട്ട വ്യാപന സാധ്യത മുന്നില്‍ കണ്ടാണ് പഞ്ചാബ് സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്കുള്ള രോഗികളുടെ വരവ് കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതയെക്കുറിച്ചും സര്‍ക്കാര്‍ അവലോകനം ചെയ്യുന്നുണ്ട്.
കൂടുതല്‍ സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിത്സയ്ക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കിടക്കകള്‍ നീക്കിവെക്കുന്നതിനും മറ്റുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.