ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യ ഇനിയില്ല; പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി എഡിറ്റര്‍
നിര്‍ഭയത്വത്തോടെയുള്ള മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളാല്‍ ശ്രദ്ധേയമായിരുന്നു ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യ

പ്രശസ്ത അമേരിക്കൻ വാർത്ത ബ്ലോഗ് ഹഫിങ്ടൺ പോസ്റ്റിന്റെ ഇന്ത്യൻ പതിപ്പ് പ്രസിദ്ധീകരണം നിർത്തുന്നു. ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യ തന്നെയാണ് അവരുടെ വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. എഡിറ്ററും ഇക്കാര്യം വിശദീകരിച്ച് ട്വിറ്ററില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു.
"നവംബർ 24 മുതൽ ഞങ്ങൾ പ്രസിദ്ധീകരണം നിർത്തുകയാണ്. ഞങ്ങളെ വായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി" ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യ വെബ്സൈറ്റിൽ കുറിച്ചു. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇത് വരെ പ്രസിദ്ധീകരിച്ച എല്ലാ റിപ്പോര്‍ട്ടുകളും ഇനിയും ലഭ്യമാകുമെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് അമാന്‍ സേത് ട്വിറ്ററിലൂടെ അറിയിച്ചു.
നിര്‍ഭയത്വത്തോടെയുള്ള മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളാല്‍ ശ്രദ്ധേയമായിരുന്നു ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യ. വെബ്സൈറ്റിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടലില്‍ നിരവധി വായനക്കാരും മാധ്യമപ്രവര്‍ത്തകരും നടുക്കവും സങ്കടവും രേഖപ്പെടുത്തി. മാധ്യമമേഖലയിലെ വിദേശ നിക്ഷേപത്തിലെ മോഡി സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ഹഫിങ്ടൺ പോസ്റ്റ് ഇന്ത്യയുടെ അവസാനത്തിന് കാരണമെന്ന് നിരവധി പേര് ട്വിറ്ററിലും ഫേസ്ബുക്കിലും ആരോപിച്ചു.
ഡിജിറ്റൽ മാധ്യമമേഖലയിൽ നേരിട്ട് 26 ശതമാനം മാത്രം വിദേശ നിക്ഷേപം പിന്തുടരണമെന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് വന്നത് 2019 നവംബര്‍ 17നായിരുന്നു. ഇത് വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഹഫിങ്ടണ്‍ പോസ്റ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.