LiveTV

Live

National

യു.പിയില്‍ ഡോക്ടറെ കഴുത്തറുത്ത് കൊന്നു; രണ്ട് മക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഡോ. നിഷ സിംഗാൾ ആണ് കൊല്ലപ്പെട്ടത്

യു.പിയില്‍ ഡോക്ടറെ കഴുത്തറുത്ത് കൊന്നു; രണ്ട് മക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവ വനിതാ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. ഡോ. നിഷ സിംഗാൾ ആണ് കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നിഷയുടെ എട്ടും നാലും വയസ്സുള്ള മക്കളെ അക്രമി കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു.

അക്രമി നിഷയെ കൊല്ലുമ്പോള്‍ മക്കള്‍ അടുത്ത മുറിയിലുണ്ടായിരുന്നു. ഇവരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച ശേഷമാണ് അക്രമി കടന്നുകളഞ്ഞത്. സംഭവം അറിഞ്ഞ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ വീട്ടിലെത്തി. നിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടിവി സെറ്റ് ടോപ് ബോക്സ് റീചാര്‍ജ് ചെയ്യാന്‍ വന്ന ടെക്നിഷ്യനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അക്രമി അപാർട്മെന്‍റില്‍ കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അക്രമിയെ പിടികൂടി. ശുഭം പതക് എന്നാണ് ഇയാളുടെ പേര്. എന്തിനാണ് ഇയാള്‍ അപാര്‍ട്മെന്‍റില്‍ പ്രവേശിച്ചതെന്നോ കൊലപാതകം നടത്തിയതെന്നോ വ്യക്തമായിട്ടില്ല.

സംഭവം ഞെട്ടിക്കുന്നതാണെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു. തിരക്കേറിയ ഒരു പ്രദേശത്തെ വീട്ടില്‍ പ്രവേശിച്ചാണ് അക്രമി സ്ത്രീയുടെ കഴുത്തറുത്ത് കൊന്നത്. പ്രതിപക്ഷത്തിനെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ മാത്രമാണ് യോഗി സര്‍ക്കാരിന്‍റെ ശ്രദ്ധ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. ചാനലുകളില്‍ വെറുതെ പരസ്യം കൊടുക്കാതെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.