LiveTV

Live

National

അൽ ഖാഇദ ബന്ധം തെളിയിക്കാൻ പ്രോസീക്യൂഷന് സാധിച്ചില്ല: ജാർഖണ്ഡ് സ്വദേശിക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം

അൽ ഖാഇദയിലെ പിടികിട്ടാപ്പുള്ളിയായ കൊടുംതീവ്രവാദിയാണ് മുജാഹിരിയെന്നുമായിരുന്നു അന്നത്തെ പോലീസ് ഭാഷ്യം.

അൽ ഖാഇദ ബന്ധം തെളിയിക്കാൻ പ്രോസീക്യൂഷന് സാധിച്ചില്ല: ജാർഖണ്ഡ് സ്വദേശിക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം

അൽ ഖാഇദയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് സ്വദേശി മുഹമ്മദ് കലീമുദ്ദിൻ മുജാഹിരിക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം. അൽ ഖാഇദ ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് ഇതുവരെയും സാധിക്കാത്ത സാഹചര്യത്തിൽ ജാർഖണ്ഡ് ഹൈകോടതിയാണ് കലീമുദ്ദിന് ജാമ്യം അനുവദിച്ചത്.

അൽ ഖാഇദയിലേക്ക് ഇന്ത്യയിൽനിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു എന്നാരോപിച്ച് കഴിഞ്ഞ വർഷം സെപ്‌റ്റംബറിലായിരുന്നു ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അൽ ഖാഇദയിലെ പിടികിട്ടാപ്പുള്ളിയായ കൊടുംതീവ്രവാദിയാണ് മുജാഹിരിയെന്നുമായിരുന്നു അന്നത്തെ പോലീസ് ഭാഷ്യം. അദ്ദേഹം രണ്ട് സുഹൃത്തുക്കളായ അഹമ്മദ് മസൂദ് അക്രമിനെയും അബ്ദുൾ റഹ്മാൻ കട്കിയെയും സാച്ചി മദാർസയിലെ വീട്ടിൽ വച്ച് കണ്ടുമുട്ടിയെന്നും തുടർന്ന് ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം സ്വീകരിച്ചെന്നും പോലീസ് ആരോപിച്ചു.

എന്നാൽ ഇത്തരം ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് ഒരു വർഷമായിട്ടും സാധിച്ചില്ല. ഹർജിക്കാരൻ അൽ ഖാഇദയുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് കേസിൽ വാദം കേട്ട ജാര്‍ഖണ്ഡ് ഹെെക്കോടതി പറഞ്ഞു. അന്യായമായി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനകളിൽ നിന്ന് ഹരജിക്കാരൻ പണം കൈപ്പറ്റിയതായോ അവർക്ക് വേണ്ടി അന്യായ പ്രവർത്തികളിൽ ഏർപ്പെട്ടതായോ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.