LiveTV

Live

National

സി.ബി.എസ്.ഇ ബോർഡ് എക്സാം ഫീസിൽ ഇളവ് ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളി

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്ത് ഫീസിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സോഷ്യൽ ജൂറിസ്റ്റെന്ന എൻ.ജി.ഒയാണ് ഹരജി സമർപ്പിച്ചത്..

സി.ബി.എസ്.ഇ ബോർഡ് എക്സാം ഫീസിൽ ഇളവ് ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളി

സി.ബി.എസ്.ഇ 10,12 ക്ലാസ്സുകളിലെ ബോർഡ് എക്സാം ഫീസിൽ ഇപ്പ്രാവശ്യം ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ തയ്യാറാകാതെ സുപ്രീം കോടതി. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം ഒട്ടുമിക്ക മാതാപിതാക്കൾക്കും നിലവിലെ ഫീസ് ഘടന പിന്തുടരാൻ സാധിക്കില്ലെന്ന് കണ്ട് സോഷ്യൽ ജൂറിസ്റ്റെന്ന എൻ.ജി.ഒയാണ് ഹരജി സമർപ്പിച്ചത്. ഇതുസംബന്ധിച്ച് ഇവർ ഡൽഹി ഹൈകോടതിയെ മുന്നേ സമീപിച്ചിരുന്നുവെങ്കിലും അർഹമായ ഇടപെടൽ ഉണ്ടായിരുന്നില്ല.

ലോക്ക്ഡൗണ്‍ സൃഷ്‌ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭൂരിഭാഗം മാതാപിതാക്കളെയും മോശമായി ബാധിച്ചിട്ടുണ്ട്. പല കുടുംബങ്ങൾക്കും കൃത്യമായി ആഹാരം പോലും ലഭ്യമാക്കാനാകാത്ത സാഹചര്യങ്ങളുണ്ട്. ഈയൊരു ഘട്ടത്തിൽ ഹരജി പരിഗണിക്കാതെയിരുന്ന ഡൽഹി ഹൈകോടതിയുടെ രീതി ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നാണ് സോഷ്യൽ ജൂറിസ്റ്റ് സുപ്രീം കോടതിക്ക് സമർപ്പിച്ച ഹരജിയിൽ പറയുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥികളിൽനിന്ന് 1500 മുതൽ 1800 രൂപ വരെയും, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിൽനിന്ന് 1500 മുതൽ 2400 രൂപ വരെയുമാണ് ഈ അക്കാദമിക വർഷം സി.ബി.എസ്.ഇ ഈടാക്കുക. ഇത് 2018ലെ ഫീസ് ഘടനയുടെ ഇരട്ടിയാണ്. 2019 മുതൽ സി.ബി.എസ്.ഇ പരീക്ഷ ഫീസുകൾ കുത്തനെ കൂട്ടുകയാണെന്ന പരാതി വ്യത്യസ്ത കോണുകളിൽ നിന്ന് മുന്നേ ഉയർന്നിരുന്നു.