ഭര്‍ത്താവുമായുള്ള വഴക്ക്: 14 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു
അച്ഛനുമമ്മയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ജീവന് നഷ്ടമായത് 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ്

അച്ഛനുമമ്മയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ജീവന് നഷ്ടമായത് 14 ദിവസം പ്രായമുള്ള കുഞ്ഞിന്. കുഞ്ഞിനെ അമ്മ ഫ്ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഹൈദരബാദ് ഫത്തേഹ്നഗറിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് പുറത്തറിഞ്ഞത്. 27കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവാനന്തര ചികിത്സകളിലായതിനാല് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഗര്‍ഭിണിയായിരുന്ന ലാവണ്യ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന് തിരിച്ചുകിട്ടുകയും, തൊട്ടടുത്ത ദിവസം അവള് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഭര്‍ത്താവ് വേണുഗോപാലിനെതിരെ ലാവണ്യയുടെ ബന്ധുക്കള്‍ സനത്നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് 32കാരനായ വേണു ഗോപാല്‍. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണാകുറ്റവും ചുമത്തിയാണ് വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തിരുന്നത്
ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കള്‍ക്ക് ഒപ്പം വീട്ടിലേക്കാണ് പോയത്. ഇവിടെ വച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. കുഞ്ഞ് മരിച്ചെന്ന് ലാവണ്യയുടെ സഹോദരനാണ് വേണുവിനെ അറിയിച്ചത്. തുടര്‍ന്ന് ഭാര്യയ്ക്കെതിരെ വേണു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാവണ്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
2016ലാണ് ഇരുവരും വിവാഹിതരായത്. തുടക്കം മുതല്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. നിരവധി കൗണ്‍സിലിംഗുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും സനത്നഗര്‍ പൊലീസ് പറയുന്നു. ദമ്പതികള്‍ക്ക് മൂന്നു വയസ്സ് പ്രായമുള്ള മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.