LiveTV

Live

National

ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി തർക്കം

എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപിയും ജെഡിയുവും ശ്രമിക്കുന്നതായി കോണ്‍ഗ്രസ്

ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി തർക്കം

ബിഹാറില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി എന്‍ഡിഎയില്‍ തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി പദവി ആര്‍ക്കെന്ന കാര്യത്തില്‍ ബിജെപിയിലും തീരുമാനമായില്ല. നാളെ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങും പങ്കെടുക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നല്‍കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കാനാണ് ബിജെപി ശ്രമം. ആഭ്യന്തരം, ധനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും സ്പീക്കർ പദവിയുമാണ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രി പദവും ധന വകുപ്പും സുശീല്‍ മോദിക്ക് നല്‍കാന്‍ നീക്കം നടന്നെങ്കിലും നിലവില്‍ കാമേശ്വർ ചൌപാലിന്റെ പേരാണ് ആലോചനയില്‍. കാമേശ്വർ അയോധ്യ വിഷയത്തിലടക്കം സജീവമായിരുന്നതിനാല്‍ പ്രധാനമന്ത്രിക്കും താല്പര്യമുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പദത്തിനൊപ്പം സുപ്രധാന വകുപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ സുഗമമായ ഭരണം സാധ്യമാകില്ലെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. എച്ച്എഎം മന്ത്രിപദം ആവശ്യപ്പെടാത്തത് ജിതന്‍ റാം മാഞ്ചിക്ക് ബിജെപി ഗവർണർ പദം വാഗ്ദാനം ചെയ്തതിനാലാണ് എന്നാണ് വിവരം. നാളെ 12.30ന് പട്നയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. എൻ.ഡി.എ സഭാ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. ഭയ്യാ ദൂജ് ദിവസമായ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.

ഇതിനിടെ എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപിയും ജെഡിയുവും ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. 9 എം.എൽ.എമാരുടെ പട്ടിക ബിഹാർ കോൺഗ്രസ് ഹൈകമാൻഡിന് കൈമാറിയതായും നീക്കങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയതായുമാണ് വിവരം.