LiveTV

Live

National

സംഭവിച്ചത് അശ്രദ്ധമായ ഒരു പിഴവ്: അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ നീക്കിയ സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍

ഇന്നലെയാണ് അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ ട്വിറ്റര്‍ നീക്കിയത്. അൽപ്പ സമയങ്ങൾക്ക് ശേഷം ട്വിറ്റർ ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

സംഭവിച്ചത് അശ്രദ്ധമായ ഒരു പിഴവ്: അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ നീക്കിയ സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍

കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൌണ്ടിലെ പ്രൊഫൈല്‍ ഫോട്ടോ ബ്ലോക്ക് ആകാന്‍ കാരണം 'അശ്രദ്ധമായ ഒരു പിഴവാണെ'ന്ന വിശദീകരണവുമായി ട്വിറ്റര്‍. ഇന്നലെയാണ് അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ ട്വിറ്റര്‍ നീക്കിയത്. അൽപ്പ സമയങ്ങൾക്ക് ശേഷം ട്വിറ്റർ ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അശ്രദ്ധ മൂലം ഉണ്ടായ പ്രശ്നമാണിതെന്നാണ് ട്വിറ്റർ വക്താവ് നൽകിയ വിശദീകരണം.

'അശ്രദ്ധമായ ഒരു പിശക് കാരണം, ഞങ്ങളുടെ ആഗോള പകർപ്പവകാശ നയങ്ങളുടെ ഭാഗമായി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഈ തീരുമാനം ഉടനടി തിരുത്തുകയും ചെയ്തു, അക്കൗണ്ട് ഇപ്പോള്‍ പൂർണ്ണമായും പ്രവർത്തനക്ഷമമാണെ'ന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ടിലെ ഡിസ്‍പ്ലേ പിക്‍ചറാണ് നീക്കിയത്. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററുടെ നടപടി. 'പകർപ്പവകാശ ഉടമയിൽ നിന്നുള്ള റിപ്പോർട്ടിന് മറുപടിയായി ഈ ചിത്രം നീക്കം ചെയ്‌തു.' എന്നായിരുന്നു ട്വിറ്റര്‍ അപ്പോള്‍ നല്‍കിയ വിശദീകരണം. ട്വിറ്റർ ചിത്രം നീക്കിയതിനെക്കുറിച്ച് അമിത് ഷായുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സമാനമായ മറ്റൊരു സംഭവത്തിൽ നേരത്തെ ട്വിറ്റർ ബിസിസിഐയുടെ ട്വിറ്റർ അക്കൗണ്ടിലെ ചിത്രവും നീക്കിയിരുന്നു. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി തന്നെയായിരുന്നു ഇത്. അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വീറ്റുകൾക്കെതിരെയും ട്വിറ്റർ നടപടിയെടുത്തികുന്നു. ട്രംപ് നടത്തിയ തെറ്റായ പരാമർശങ്ങൾക്കെതിരെയായിരുന്നു ട്വിറ്ററിന്‍റെ നടപടി.