LiveTV

Live

National

ബിഹാര്‍; കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ വിമര്‍ശനവുമായി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍

ബിഹാറില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ നേതൃത്വത്തി നെതിരെ വിമര്‍ശനവുമായി പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍

ബിഹാര്‍; കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ വിമര്‍ശനവുമായി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍

ബിഹാറില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്കു പിന്നാലെ നേതൃത്വത്തി നെതിരെ വിമര്‍ശനവുമായി പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍. മുഴുസമയ അധ്യക്ഷനും സംഘടനാ തെരഞ്ഞെടുപ്പും അനിവാര്യമാണെന്ന് ബിഹാര്‍ ഫലം തെളിയിച്ചുവെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടി ദുര്‍ബലമാണെന്ന സ്വയം വിമര്‍ശനം അനിവാര്യമാണെന്ന് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രതികരിച്ചു.

ആഗസ്റ്റ് 7നാണ് 23 നേതാക്കൾ മുഴുവൻ സമയ അധ്യക്ഷനും സമ്പൂർണ്ണ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നും ഒരു വർഷത്തിനകം ബ്ലോക്ക് തലം മുതല് സിഡബ്യൂസി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു ഹൈക്കമാന്റ് മറുപടി. മാസം മൂന്ന് കഴിഞ്ഞിട്ടും തുടർനീക്കങ്ങള്‍ ഇല്ലാതിരിക്കെയാണ് ബിഹാറില്‍ കനത്ത പരാജയം പാർട്ടിക്കുണ്ടായത്.

മോശം സ്ഥാനാർഥി നിർണയം, കാര്യക്ഷമതയില്ലാത്ത നേതൃത്വം, എ.ഐ.എം.ഐ.എം സാന്നിധ്യം, വോട്ട് ധ്രുവീകരണം എന്നിവ തോൽവിക്ക് കാരണമായി എന്നാണ് തിരുത്തല്‍വാദികളുടെ പ്രതികരണം. ഒരു വിഭാഗം നേതാക്കളെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കാര്യക്ഷമതയും നേതൃപാടവവും ഇല്ലാത്തവരെ ബിഹാറിലേക്ക് അയച്ചു, മൂന്ന് പതിറ്റാണ്ടായി മഹാസഖ്യം ജയിക്കാത്ത 26 സീറ്റുകളിൽ മത്സരിച്ചു, ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. കത്തിലെ ആരോപണങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തുടർച്ചയായി പരാജയം ഏറ്റുവാങ്ങുമെന്ന് പറഞ്ഞത് തെളിയുകയാണെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.

അതേസമയം കോണ്‍ഗ്രസ് ദുർബലമായിരുന്നതാണ് മഹാസഖ്യത്തിന്റെ ഭരണ നഷ്ടത്തിന് കാരണമായതെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു. എ.ഐ.എം.ഐ.എം സാന്നിധ്യത്തെ വിലകുറച്ചുകണ്ടെന്നും താരിഖ് അന്‍വര്‍ ട്വീറ്റ് ചെയ്തു.