LiveTV

Live

National

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: മാറിമറിഞ്ഞ് ലീഡ് നില

മഹാസഖ്യത്തിലെ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷയായി മുന്നേറ്റം തുടരുന്നു.

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: മാറിമറിഞ്ഞ് ലീഡ് നില

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ മാറി മറിഞ്ഞ് ലീഡ് നില. ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എ, മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. മഹാസഖ്യത്തിലെ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷയായി. 122 സീറ്റുകളാണ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആവശ്യമായുള്ളത്. അതിനിടെ തെരഞ്ഞെടുപ്പ് ഫലം വെെകുമെന്നാണ് ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

243 സീറ്റുകളിൽ എൻ.ഡി.എ 119 ഇടത്ത് മുന്നിട്ട് നിൽക്കുകയാണ്. ഇതില്‍ 72 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റേത് 39 ൽ ഒതുങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കവെ ലീഡ് നില മാറി മറിയുന്ന അവസ്ഥയാണുള്ളത്.

ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം 116 ഇടത്താണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡി 77 ഇടത്താണ് മുന്നിലുള്ളത്. അതേസമയം 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 ഇടത്തു മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇടത് പാര്‍ട്ടികള്‍ 18 സീറ്റുകളിലും മുന്നേറ്റം നടത്തുകയാണ്. നേരത്തെ, പോസ്റ്റൽ വോട്ടുകളിൽ മഹാസഖ്യത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു.

കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.

ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.