LiveTV

Live

National

ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാര്: ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗായി ബോയ്‍കോട്ട് തനിഷ്‍ക്

ദീപാവലിയോട് അനുബന്ധിച്ച് തനിഷ്ക് ജ്വല്ലറി പുറത്തിറക്കിയ പുതിയ പരസ്യവും വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.

ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാര്: ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗായി ബോയ്‍കോട്ട് തനിഷ്‍ക്

ദീപാവലിയോട് അനുബന്ധിച്ച് തനിഷ്ക് ജ്വല്ലറി പുറത്തിറക്കിയ പുതിയ പരസ്യവും വിവാദത്തില്‍. തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു. ബോയ്‍കോട്ട് തനിഷ്ക് കാമ്പയിന്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആയതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്. അന്തരീക്ഷ മലിനീകരണം മുന്‍നിര്‍ത്തി, ഈ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് പരസ്യത്തില്‍ പറയുന്നതാണ് വിവാദത്തിന് കാരണമായത്.

നടിമാരായ നീന ഗുപ്ത, നിമ്രത് കൌര്‍, സയനി ഗുപ്ത തുടങ്ങിയവരാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിലെ ഒരു സീനില്‍ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട്, ഇത്തവണ നമുക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാമെന്ന സയനി ഗുപ്തയുടെ വാക്കുകളാണ് വിവാദത്തിന് കാരണമായത്.

ഹിന്ദുത്വവാദികളാണ് ഇത്തവണയും തനിഷ്ക്കിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് പറയാന്‍ ഇവരാരാണെന്നാണ് പരസ്യത്തിനെതിരെ വന്ന വിമര്‍ശനം. ഹിന്ദുക്കള്‍ എങ്ങനെ ദീപാവലി ആഘോഷിക്കണമെന്ന് പഠിപ്പിക്കാന്‍ തനിഷ്‌ക് ആരാണെന്നായിരുന്നു ബിജെപി നേതാവ് ഗൈരവ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയും പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിമര്‍ശനം അതിരു കടന്ന് സൈബര്‍ ആക്രമണമായതോടെയാണ് തനിഷ്‌ക് ഈ പരസ്യവും പിന്‍വലിച്ചിരിക്കുന്നത്.

എന്നാല്‍ പരസ്യത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ നടി സയനി ഗുപ്ത തന്നെ രംഗത്തുവന്നു. വായു മലിനീകരണമെന്ന ആഗോള പ്രശ്‌നം മതത്തിനെതിരാകുന്നത് എങ്ങനെയാണെന്നും ഇത്തരമൊരു സാഹചര്യം താന്‍ നേരില്‍ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നും സയനി ഗുപ്ത ട്വീറ്റ് ചെയ്തു.

നേരത്ത, ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്‍ലിം കുടുംബത്തിന്റെ കഥ ചിത്രീകരിച്ച തനിഷ്‍കിന്‍റെ പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ആ പരസ്യം തനിഷ്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.