LiveTV

Live

National

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന

ഇന്ന് നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് സാഹചര്യം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തുല്യമാണെന്നും ശിവസേന

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയത്തില്‍ നിന്ന് ഇന്ത്യ ചില പാഠങ്ങള്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന. ഇന്ന് നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് സാഹചര്യം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തുല്യമാണെന്നും ശിവസേന പറയുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‍നയിലൂടെയായിരുന്നു ശിവസേനയുടെ പരാമര്‍ശം.

അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്‍റെ നേതൃപദവി വഹിക്കാന്‍ യോഗ്യതയുള്ള ആളായിരുന്നില്ല ട്രംപ്. അമേരിക്കന്‍ ജനത അവര്‍ ചെയ്ത തെറ്റ് വെറും നാല് വര്‍ഷം കൊണ്ട് തിരുത്തി. ട്രംപിന് തന്‍റെ ഒരു ചെറിയ വാഗ്ദാനം പോലും നിറവേറ്റാനായിട്ടില്ല. ട്രംപിന്‍റെ പരാജയത്തില്‍നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമെങ്കില്‍ അത് നല്ലതാവുമെന്നും സാമ്‌നയിലെ ലേഖനം പറയുന്നു.

തൊഴിലില്ലായ്മയെന്ന മഹാമാരി അമേരിക്കയില്‍ കോവിഡ് 19 നേക്കാള്‍ ഭീകരമാണ്. പക്ഷേ, അതിന് പരിഹാരം കണ്ടെത്തുന്നതിന് പകരം, അസംബന്ധങ്ങളും രാഷ്ട്രീയതന്ത്രങ്ങളും പ്രചരിപ്പിക്കാനാണ് ട്രംപ് പ്രാധാന്യം നല്‍കിയതെന്നും ശിവസേന പറയുന്നു.

അമേരിക്കയില്‍ ഭരണം മാറിക്കഴിഞ്ഞു. ബിഹാറിലെ ഭരണവും അതിന്‍റെ മോശം അവസ്ഥയിലാണുള്ളത്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേതൃത്വത്തിലുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിന് ഭരണം നഷ്ടപ്പെടും. ഞങ്ങളല്ലാതെ രാജ്യത്തിനും സംസ്ഥാനത്തിനും മറ്റൊരു ബദലില്ലെന്ന നേതാക്കളുടെ വ്യാമോഹത്തെ ജനങ്ങള്‍ ഇല്ലാതാക്കുമെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഇതുവരെ പരാജയത്തെ അംഗീകരിച്ചിട്ടില്ലെന്നും പകരം വോട്ടിംഗിനെ കുറ്റപ്പെടുത്തുകയാണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. ട്രംപിനെ വളരെ ഊഷ്മളമായാണ് നാം സ്വാഗതം ചെയ്തതെന്ന് മറന്നിട്ടില്ല. ശരിയല്ലാത്ത ഒരു മനുഷ്യന്‍റെ കൂടെ നില്‍ക്കുക എന്നത് നമ്മുടെ സംസ്‍കാരമല്ല. പക്ഷേ, അതാണ് ഇപ്പോഴും ഇവിടെ നടക്കുന്നത് എന്നും ലേഖനത്തിലുണ്ട്. നമസ്തേ ട്രംപ് പ്രചാരണത്തെ പരിഹസിക്കുകയാണ് ലേഖനത്തിലൂടെ ശിവസേന.