LiveTV

Live

National

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്ടോപ്പില്ല; വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തെലങ്കാന പ്ലസ് ടു പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനിയാണ് ഐശ്വര്യ

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്ടോപ്പില്ല; വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്ടോപ്പില്ലാത്തതിനെ തുടര്‍ന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഐശ്വര്യ റെഡ്ഡിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. തെലങ്കാന പ്ലസ് ടു പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനിയാണ് ഐശ്വര്യ. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാർഥിനിയായിരുന്നു ഐശ്വര്യ റെഡ്ഡി.

സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്’ ആത്മഹത്യ കുറിപ്പില്‍ ഐശ്വര്യ പറയുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ലാപ്ടോപ്പ് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കോളേജ് ഹോസ്റ്റല്‍ ഒഴിയാന്‍ പറഞ്ഞത്. ഇത് കുട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.

ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യല്‍ത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളില്‍ ഇളയ കുട്ടിയാണ് ഐശ്വര്യ. വിദ്യാർഥിനിയുടെ സഹോദരിക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. വീടും ആകെയുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണയംവെച്ചാണ് ഐശ്വര്യയെ പഠനത്തിന് അയച്ചതെന്ന് പിതാവ് പറയുന്നു. മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച ഐശ്വര്യയ്ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ മുഴുവന്‍ തുകയും മകള്‍ക്ക് ലഭിച്ചിരുന്നോയെന്ന് അറിയില്ലെന്ന് ശ്രീനിവാസ് പറയുന്നു.