വോട്ടെണ്ണല്‍ ദിവസം നിയന്ത്രണം പാലിക്കണം, അച്ചടക്കത്തോടെ പെരുമാറണം; പാര്‍ട്ടി പ്രവര്‍ത്തകരോട് തേജസ്വി യാദവ്
നവംബര്‍ 10നാണ് മൂന്നു ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍

ബിഹാറിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ ജനതാ ദളിന് അനുകൂലമാണ്. മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തില്‍ തന്നെയാണ് മഹാഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ തേജസ്വി യാദവ്. മറിച്ചൊരു ചിന്തയും തേജസ്വിക്കില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരോടും അതേ രീതിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും. വിജയം സുനിശ്ചിതമായിരിക്കുമ്പോള്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് തേജസ്വി യാദവ്.
നവംബര്‍ 10നാണ് മൂന്നു ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. വിധിനിര്‍ണ്ണയത്തിന്റെ ദിവസം നിയന്ത്രണം പാലിക്കണമെന്നും അച്ചടക്കത്തോടെ പെരുമാറണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് തേജസ്വി. ഒരു പ്രവര്‍ത്തകനും നിറങ്ങളോ പടക്കങ്ങളോ ഉപയോഗിക്കരുതെന്നും വിജയത്തിന്റെ ആവേശത്തില്‍ അമിത ആഹ്ളാദ പ്രകടനങ്ങളൊന്നുമുണ്ടാകരുതെന്നും തേജസ്വി ട്വീറ്റ് ചെയ്തു. വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സമാധാനത്തിനും ഉന്നമനത്തിനുമായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടതെന്നും തേജസ്വി കുറിക്കുന്നു.
31കാരനായ തേജസ്വിയുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. 1989 നവംബർ ഒമ്പതിന് ജനിച്ച തേജസ്വി യാദവ് രാജ്യത്തെ ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയാണ്. മൂന്ന് എക്സിറ്റ് പോളുകളും തേജസ്വി തന്നെ മുഖ്യമന്ത്രിക്കസേരയിലിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റുകള്‍ മഹാസഖ്യം നേടുമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്.ജെ.ഡി മാറുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.