LiveTV

Live

National

ബിഹാറിൽ മഹാസഖ്യം ആത്മവിശ്വാസത്തില്‍; അട്ടിമറിനീക്കം ഉണ്ടായാൽ സജ്ജരാകാൻ നിർദേശം

മഹാരാഷ്ട്ര, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി ഗവർണർമാരെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ കളികൾ ഇത്തവണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

ബിഹാറിൽ മഹാസഖ്യം ആത്മവിശ്വാസത്തില്‍; അട്ടിമറിനീക്കം ഉണ്ടായാൽ സജ്ജരാകാൻ നിർദേശം

ബിഹാറിൽ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. അട്ടിമറികൾ ഉണ്ടായാൽ നേരിടുന്നതിന് സജ്ജരാകാൻ നേതാക്കൾക്ക് പാർട്ടികൾ നിർദേശം നൽകി. ആർജെഡി, കോൺഗ്രസ്‌, ഇടത് പാർട്ടികൾ എന്നിവർ ചേരുന്ന മഹാസഖ്യം അധികാരം പിടിക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. മറ്റന്നാൾ ആണ് വോട്ടെണ്ണൽ.

243 അംഗ ബിഹാർ നിയമസഭയിൽ അധികാരത്തിൽ എത്താൻ 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. എന്നാൽ കേവല ഭൂരിപക്ഷത്തിനും മുകളിൽ മഹാസഖ്യം സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. തൊഴിൽ ഇല്ലായ്മ, വികസനം, വിലക്കയറ്റം എന്നിവയാണ് ചർച്ച ആയതെന്നും മോദി തരംഗം വീശിയില്ലെന്നും സർവേ ഫലങ്ങള്‍ പറയുന്നു. മൂന്ന് തവണ മുഖ്യമന്ത്രി ആയിരുന്ന നിതീഷ് കുമാറിനെയും ഐക്യ ജനതാ ദളിനെയും ബീഹാർ ജനത കൈ വിടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വിശദീകരിക്കുന്നത്.

മാറ്റത്തിനു വോട്ട് എന്ന തേജസ്വി യാദവിന്റെയും മഹാസഖ്യത്തിന്റെയും മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുവെന്ന് സര്‍വെ സൂചിപ്പിക്കുന്നു. എങ്കിലും തൂക്കുസഭക്ക് സാധ്യതയോ കേവല ഭൂരിപക്ഷം മാത്രമോ ഉണ്ടാകുന്ന പക്ഷം അട്ടിമറികളും മഹാസഖ്യം പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി ഗവർണർമാരെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ കളികൾ ഇത്തവണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാലയെയും അവിനാഷ് പാണ്ടയെയും ബിഹാറിൽ നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയച്ചു.

തോൽവി ഉണ്ടായാൽ അത്‌ നിതീഷ് കുമാറിന്റെ ഭരണ പരാജയമായി ഉയർത്തി കാണിക്കാനായിരിക്കും ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുക. എൻഡിഎയിൽ ബിജെപിക്ക് കൂടുതൽ സീറ്റ്‌ കിട്ടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇപ്പോൾ തന്നെ നേതാക്കൾ ഉയർത്തി കാണിച്ചു തുടങ്ങി.