LiveTV

Live

National

പാർക്കിൻസൺസ്‌ രോഗിയാണ്, വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന് സ്റ്റാൻ സ്വാമി; 20 ദിവസം കഴിഞ്ഞ് മറുപടി തരാമെന്ന് എൻ.ഐ.എ

വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റാൻ സ്വാമി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്

പാർക്കിൻസൺസ്‌ രോഗിയാണ്, വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന് സ്റ്റാൻ സ്വാമി; 20 ദിവസം കഴിഞ്ഞ് മറുപടി തരാമെന്ന് എൻ.ഐ.എ

ഭീമ-കൊറേഗാവ് കേസില്‍ പങ്കുണ്ടെന്നാരോപിച്ച് കഴിഞ്ഞ മാസം എൻ.ഐ.എ അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമി രോഗവിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. 83 കാരനായ താൻ പാർക്കിൻസൺസ്‌ ബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റാൻ സ്വാമി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്.

തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ജയില്‍ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനാല്‍ വെള്ളം കുടിക്കാനായി ഗ്ലാസ് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും അതു പരിഗണിച്ച് സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റാൻ സ്വാമി കോടതിയിൽ ഹരജി സമർപ്പിച്ചത്.

എന്നാൽ സ്റ്റാൻ സ്വാമിയുടെ ആവശ്യത്തെ കുറിച്ച് പ്രതികരിക്കാൻ 20 ദിവസം വേണമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. ഹരജി നവംബർ 26ന് പരിഗണിക്കും.

സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്‌ടോബര്‍ എട്ടിനാണ് ഫാദർ സ്റ്റാന്‍ സ്വാമിയെ റാഞ്ചിയിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.