LiveTV

Live

National

'ചെറിയ തിരുത്തുണ്ട്, ആളുമാറിപ്പോയി'; അമിത് ഷായോട് മഹുവ മൊയ്ത്ര

ബംഗാള്‍ സംസ്കാരത്തെ കുറിച്ച് അമിത് ഷാക്ക് ഒന്നും അറിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

'ചെറിയ തിരുത്തുണ്ട്, ആളുമാറിപ്പോയി'; അമിത് ഷായോട് മഹുവ മൊയ്ത്ര

ആഭ്യന്തര മന്ത്രി അമിത് ഷാ ആളുമാറി പുഷ്പാര്‍ച്ചന നടത്തിയത് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബംഗാള്‍ പര്യടനത്തിനിടെ ഗോത്രനേതാവ് ബിര്‍സ മുണ്ടയുടെ പ്രതിമയില്‍ മാലയിടുകയാണെന്ന് പറഞ്ഞ് ആളുമാറി ഗോത്ര യോദ്ധാവിന് അമിത് ഷാ മാല ചാര്‍ത്തിയതാണ് വിവാദമായത്.

"പശ്ചിമ ബംഗാളില്‍ ബിര്‍സ മുണ്ടയുടെ സഹായത്തോടെ 200 സീറ്റുകള്‍ നേടുമെന്നാണ് ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞത്. ഒരു ‘ചെറിയ തെറ്റ്’ തിരുത്താനുണ്ട്. അമിത് ഷാ മാലയിട്ടത് ബിര്‍സ മുണ്ടയുടെ പ്രതിമയില്‍ അല്ല, മറിച്ച് എന്‍.എച്ച്.എ.ഐ നിര്‍മിച്ച ഒരു ഗോത്ര യോദ്ധാവിന്‍റെ പ്രതിമയിലാണ്. മറ്റൊരു ഭഗവാനെ കണ്ടെത്താനുള്ള സമയമായി"- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ബാങ്കുര ജില്ലയിലെ പര്യടനത്തിനിടെയാണ് അമിത് ഷാക്ക് അബദ്ധം പിണഞ്ഞത്. ബിര്‍സ മുണ്ടയുടെ പ്രതിമയില്‍ മാലയിടാന്‍ പോവുകയാണെന്ന് പറഞ്ഞ ശേഷമാണ് ബിര്‍സ മുണ്ടയുടേതല്ല പ്രതിമയെന്ന് ബി.ജെ.പി നേതാക്കള്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ബിര്‍സ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വെയ്ക്കുകയും അമിത് ഷാ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഗോത്രജനതയുടെ പുരോഗതിക്കായി ജീവിതം അര്‍പ്പിച്ച ഭഗവാന്‍ ബിര്‍സ മുണ്ടാജിയുടെ ധൈര്യവും പോരാട്ടവും ത്യാഗവും പ്രചോദിപ്പിക്കുന്നതാണെന്ന് ട്വീറ്റ് ചെയ്യുകയുമുണ്ടായി.

പിന്നാലെ ഗോത്രവര്‍ഗ നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായെത്തി. ബംഗാള്‍ സംസ്കാരത്തെ കുറിച്ച് അമിത് ഷാക്ക് ഒന്നും അറിയില്ല. ബിര്‍സ മുണ്ടയെ അദ്ദേഹം അപമാനിച്ചു. അദ്ദേഹം എന്നെങ്കിലും ബംഗാളിനെ ബഹുമാനിച്ചിട്ടുണ്ടോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ചോദ്യം.