LiveTV

Live

National

അര്‍ണബിന്‍റെ അറസ്റ്റ് പിന്‍വലിക്കണം; നിരാഹാര സമരത്തിനൊരുങ്ങി ബിജെപി എംഎല്‍എ

കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്

അര്‍ണബിന്‍റെ അറസ്റ്റ് പിന്‍വലിക്കണം; നിരാഹാര സമരത്തിനൊരുങ്ങി ബിജെപി എംഎല്‍എ

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ റാം കദം നിരാഹാര സമരത്തിനൊരുങ്ങുന്നു. അനുകൂല നടപടിക്കായി വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എം.എല്‍.എ പറഞ്ഞു.

''അര്‍ണബിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചാണ് അറസ്റ്റ് ചെയ്തത്. ഒമ്പത് പൊലീസുകാരാണ് ഇതിനു പിന്നില്‍. അവരെ സസ്‌പെന്‍ഡ് ചെയ്യണം. പൊലീസുകാരോട് എന്നും ബഹുമാനമേയുള്ളു. എന്നാല്‍ ഈ നടപടി അംഗീകരിക്കാനാവില്ല'' റാം പറഞ്ഞു.

കഴിഞ്ഞ ദിവസം ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ പോലും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.