LiveTV

Live

National

അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാൻ കാരണമായ ആത്മഹത്യാ കേസ് എന്താണ്?

അർണബ് ഗോസ്വാമിയുട അറസ്റ്റിനു കാരണമായ ആത്മഹത്യാകേസിന് മുംബൈ പോലീസിന്റെ പരിധിയിൽ വരുന്ന ടി.ആര്‍.പി കേസുമായി യാതൊരു ബന്ധവും ഇല്ല.

അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാൻ കാരണമായ ആത്മഹത്യാ കേസ് എന്താണ്?

2018-ൽ നടന്ന ഒരു ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടീവി ഉടമയും എഡിറ്റർ ഇൻ ചീഫും ആയ അർണാബ് ഗോസ്വാമിയെ ബുധനാഴ്ച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ റൈഗാഡിലേക്ക് കൊണ്ടുപോകുകയാണെന്നും തുടർനടപടികൾ അതിനുശേഷം തീരുമാനിക്കുമെന്നും കൊങ്കൺ റേഞ്ച് ഐ.ജി സഞ്ജയ് മോഹിത് അറിയിച്ചു.

എന്താണ് കേസ്?

ഇന്റീരിയർ ഡിസൈനർ ആയിരുന്ന അൻവയ് നായിക്, അമ്മ കുമുദ് നായിക് എന്നിവരെ 2018-ൽ ഇവരുടെ അലിബഗിൽ ഉള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തെയിരുന്നു. കുമുദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യ അല്ല മരണകാരണം മറിച്ച് കഴുത്തുഞെരിച്ചു കൊല്ലപ്പെടതാണ് എന്നത് വ്യക്തമായിരുന്നു. മകൻ അമ്മയെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതാകാം എന്ന കണ്ടെത്തലിൽ ആകസ്മിക മരണത്തിനും, കൊലപാതകത്തിനുമാണ് കേസ് എടുത്തത്. അൻവയെ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലും ഇയാളുടെ അമ്മയെ താഴത്തെ നിലയിൽ സോഫയിൽ മരിച്ചനിലയിലുമാണ് വീട്ടുജോലിക്കാരൻ കണ്ടത്.

അർണബ് ഗോസ്വാമിയിലേക്ക് കേസ് എത്തുന്നത് എങ്ങനെ?

പൊലീസ് അൻവയ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ തങ്ങൾക്ക് മൂന്ന് കമ്പനികളിൽ നിന്നും കിട്ടാനുള്ള തുക കിട്ടിയില്ലെന്നും ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലായെന്നും അൻവയ് വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷൻ ജേർണലിസ്റ്റ് അർണാബ് ഗോസ്വാമി, ഫിറോസ് സൈഖ് (സ്കൈമീഡിയ), നിതേഷ് സർദ (സ്മാർട്ട് വർക്ക്സ്‌ ) എന്നിവർക്കെതിരെ ആണ് ആത്മഹത്യ കുറിപ്പിൽ ആരോപണം.

അർണബ് 83 ലക്ഷം രൂപയും ഫിറോസ് 4 കോടിയും, നിതേഷ് 55 ലക്ഷവും ആണ് നൽകാനുള്ളത്. അൻവയ് വലിയ കട ബാധ്യതയിൽ ആയിരുന്നെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

അൻവയ് മറ്റൊരു കോൺട്രാക്ടർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അർണബ് ഈ ആരോപണം നിഷേധിക്കുകയും പണം താൻ നേരത്തെ തന്നെ നൽകിയതാണെന്നും അറിയിച്ചു.

കേസിന്റെ അന്വേഷണ വഴികൾ

അർണബ് ഉൾപ്പടെ ഉള്ളവർക്കെതിരായെ തെളിവില്ല എന്നതിനാൽ 2019 ഏപ്രിലിൽ റെയ്ഗഡ് പൊലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ 2020 മെയ്‌ മാസം അൻവയുടെ മകൾ അദ്ന്യ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുകയും കേസ് പുനരന്വേഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ന്യയുടെ പരാതിയിൽ സി.ഐ.ഡി അന്വേഷണത്തിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു.

കേസ് സി.ഐ.ഡിക്കു കൈമാറിയെങ്കിലും സി.ഐ.ഡി തങ്ങളുടെ മുന്നിൽ കേസ് എത്തിയിട്ടില്ലെന്നു അറിയിച്ചു. എന്നാൽ റെയ്ഗഡ് പൊലീസ് ക്ലോസ് ചെയ്ത കേസ് കോടതിയിൽ നിന്നും അനുമതിയോടെ വീണ്ടും അന്വേഷണം ആരംഭിച്ചു.

അർണാബ് പണം തിരികെ നൽകിയതിനുള്ള തെളിവ് നൽകാൻ പൊലീസ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. തുടർനടപടികൾ അതിനുശേഷം ഉണ്ടാകും. എന്നാൽ മുംബൈ പോലീസിന് കീഴിലുള്ള കേസുമായി ഇതിന് ബന്ധമില്ല. ടി.ആർ.പി റേറ്റിംഗുമായി ബന്ധപ്പെട്ട കേസിൽ ആണ് മുംബൈ പോലീസിന്റെ അന്വേഷണം വരുന്നത്. റിപ്പബ്ലിക് ചാനൽ ഉൾപ്പെടെ അഞ്ചു ചാനലുകൾക്ക് എതിരെയാണ് ടി.ആർ.പി ക്രമക്കേടുകൾക്ക് കേസ് എടുത്തിരിക്കുന്നത്.

ഇതുകൂടാതെ വർഗീയ വിദ്വേഷ പ്രചരണത്തിനും,മുംബൈ പോലീസിന് എതിരായുള്ള പ്രസ്താവനക്കും നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.അർണാബ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു സുപ്രീം കോടതി കേസ് മുംബൈ ഹൈക്കോർട്ടിനു വിട്ടു.അതേസമയം പദവി ദുരുപയോഗം ചെയ്ത പരാതിയിലും അർണബ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.