LiveTV

Live

National

ഡൽഹി ജയിലിലെ ആക്ടിവിസ്റ്റുകളും വിദ്യാർത്ഥികളും നരകതുല്യ അവസ്ഥയില്‍; അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നു

പതിനഞ്ചോളം വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളുമാണ് യു.എ.പി.എ ചുമത്തപ്പെട്ട് തീഹാർ, മണ്ടോലി ജയിലുകളിൽ കഴിയുന്നത്.

ഡൽഹി ജയിലിലെ ആക്ടിവിസ്റ്റുകളും വിദ്യാർത്ഥികളും നരകതുല്യ അവസ്ഥയില്‍; അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നു

ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ഡൽഹി കലാപം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും ജയിലിൽ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്നുവെന്ന് പരാതി. പതിനഞ്ചോളം വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളുമാണ് യു.എ.പി.എ ചുമത്തപ്പെട്ട് തീഹാർ, മണ്ടോലി ജയിലുകളിൽ കഴിയുന്നത്.

ഡൽഹിയിൽ നിലവിലെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് ആണ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ നൽകാൻ പോലും ജയിലധികൃതർ തയ്യാറാകുന്നില്ലെന്ന് അഭിഭാഷകനായ മെഹമൂദ് പ്രാച്ച പറയുന്നു. പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിൽ സജീവമായിരുന്ന ആക്ടിവിസ്റ്റ് ഗുൾഫിഷ ഖാതൂന്‍റെ അഭിഭാഷകനാണ് പ്രാച്ച. ജയിലിൽ കഴിയുന്ന ജെ.എൻ.യു വിദ്യാർത്ഥികളായ ദേവാങ്കണ കലിത, നടാഷ നർവാൾ, മുൻ കോൺഗ്രസ് കൗൺസിലർ ഇശ്‌റത്ത് ജഹാൻ തുടങ്ങിയവരുടെ അഭിഭാഷകരും ഇതേ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

ജയില്‍ അധികൃതരില്‍ നിന്ന് കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് കഴിഞ്ഞ മെയിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാമിഅ മില്ലിയ വിദ്യാർത്ഥിയും പൗരത്വ പ്രക്ഷോഭത്തിൽ മുൻനിരയിലെ സാന്നിധ്യവുമായിരുന്ന ആസിഫ് തൻഹ പറയുന്നു. കഴിഞ്ഞ രണ്ടര മാസത്തോളമായി കുടുംബാംഗങ്ങളെ കാണാന്‍ പോലും ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ആസിഫ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് അനുമതി കൊടുക്കുന്നവര്‍ തനിക്ക് നേരെ കണ്ണടക്കുകയാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി തന്‍റെ അപേക്ഷ നിരസിച്ച അധികൃതരോട് ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍, ഇത് ആക്ടിവിസത്തിനുള്ള സ്ഥലമല്ലെന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ആസിഫ് പറഞ്ഞു.

ജാമ്യം നിഷേധിച്ചത് സംബന്ധിച്ച രേഖകൾ പോലും അദ്ദേഹത്തിന് കൈമാറാൻ അധികൃതർ തയ്യാറായിട്ടില്ല. കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ജാമിഅ വിദ്യാർത്ഥിയുമായ മീരാൻ ഹൈദർ അസുഖബാധിതനായിട്ടും ശൈത്യകാല വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിന് കോടതി വിധി കാത്തുനിൽക്കുകയാണ് ഡൽഹി പൊലീസ്. എന്നാൽ ജയിലുകളിൽ നിന്നുയരുന്ന ഇത്തരം പരാതികൾ എത്രയും വേഗം തന്നെ പരിഹരിക്കണമെന്ന് ഡൽഹി ഹൈകോടതി അഡിഷണൽ സെഷൻസ് ജഡ്ജ് അമിതാബ് റാവത്ത് വ്യക്തമാക്കി. കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ലെങ്കിൽ അഭിഭാഷകരെ കൂട്ടി നേരിട്ട് ജയിലുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.