LiveTV

Live

National

മകന്‍റെ പിറന്നാളിന് അച്ഛനുമ്മയുമെത്തിയത് 1400 കിലോമീറ്റര്‍ സ്കൂട്ടര്‍ ഓടിച്ച്

യാത്രയ്ക്കാകെ ചെലവ് വന്നത് 7000 രൂപ മാത്രമാണെന്ന് പറയുന്നു ദമ്പതികള്‍.

മകന്‍റെ പിറന്നാളിന്  
അച്ഛനുമ്മയുമെത്തിയത് 1400 കിലോമീറ്റര്‍ സ്കൂട്ടര്‍ ഓടിച്ച്

കുഞ്ഞുങ്ങളുടെ പിറന്നാളിന് എന്ത് പിറന്നാള്‍ സമ്മാനവും നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. അതുതന്നെയായിരുന്നു സെല്‍വനും സംഗീതയും ആഗ്രഹിച്ചത്. ആ ആഗ്രഹം സാധിക്കാനായി ഇരുവരും 1400 കിലോമീറ്ററാണ് സ്കൂട്ടറില്‍ യാത്ര ചെയ്തത്. മുംബൈയില്‍ നിന്ന് പുതുക്കോട്ടയിലേക്ക്. ലക്ഷ്യം ഒന്നുമാത്രം, മകന്‍റെ ആറാം പിറന്നാളിന് അവന്‍റെ അടുത്തെത്തുക.

വിവാഹശേഷം മുംബൈയിലെ സിയോണിലാണ് ഇരുവരും താമസിക്കുന്നത്. മാര്‍ച്ചില്‍ വെക്കേഷന്‍ ആഘോഷിക്കാനായി രണ്ട് മക്കളെയും സംഗീതയുടെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. പെട്ടെന്ന് തന്നെ വന്ന് തിരിച്ചു കൊണ്ടുപോകുമെന്നുള്ള ഉറപ്പിലാണ് കുട്ടികളെ അവരുടെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുത്താക്കിയത്. പക്ഷേ, ലോക്ക്ഡൌണും തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതുമെല്ലാം മക്കളുടെ അടുത്തെത്താനാവാതെ ഈ മാതാപിതാക്കളെ കുഴക്കി.

ഒരാഴ്ചയില്‍ കൂടുതല്‍ താനിതുവരെ മക്കളെ പിരിഞ്ഞ് നിന്നിട്ടില്ലെന്ന് പറയുന്നു സംഗീത. ഇതിപ്പോ ഏഴ് മാസം കഴിഞ്ഞു. തങ്ങളുടെ മകന്‍ യോഗോശ്വറിന്‍റെ ആറാം പിറന്നാളിന് അവനടുത്തുണ്ടാകുക എന്ന ആഗ്രഹത്തിന്‍റെ പുറത്താണ് സ്കൂട്ടറുമെടുത്ത് യാത്ര പുറപ്പെട്ടത്. ട്രിച്ചിയിലേക്ക് മുംബൈയില്‍ നിന്ന് ട്രെയിനൊന്നുമില്ല. വിമാന ടിക്കറ്റ് ചാര്‍ജ് തങ്ങളെക്കൊണ്ട് താങ്ങുകയുമില്ല. അതിനാലാണ് സ്കൂട്ടര്‍ എടുത്ത് യാത്രക്ക് ഒരുങ്ങാന്‍ തീരുമാനിച്ചതെന്ന് സംഗീത പറയുന്നു.

37 മണിക്കൂറുകൊണ്ടാണ് 1400 കിലോമീറ്റര്‍ ഇവര്‍ താണ്ടിയത്. ആദ്യ ദിവസം കോലാപ്പൂരിലും രണ്ടാമത്തെ ദിവസം ബംഗളുരുവിലുമാണ് താമസിച്ചത്. ലോഡ്ജാണ് താമസത്തിന് തെരഞ്ഞെടുത്തത്, അത്രയും വാടക കുറയുമല്ലോ.. ബംഗളുരുവിലെത്തിയപ്പോള്‍ വണ്ടി ഒന്ന് സര്‍വീസ് ചെയ്തതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. ആദ്യ ദിവസം 300 കിലോമീറ്ററും രണ്ടാമത്തെ ദിവസം 800 കിലോമീറ്ററും മൂന്നാം ദിവസം 398 കിലോമീറ്ററുമാണ് താന്‍ വണ്ടിയോടിച്ചതെന്നും സെല്‍വന്‍ പറയുന്നു. മുംബൈയില്‍ പലചരക്കുകട നടത്തുകയാണ് സെല്‍വന്‍. യാത്രയ്ക്കാകെ ചെലവ് വന്നത് 7000 രൂപ മാത്രമാണെന്ന് പറയുന്നു ദമ്പതികള്‍.