LiveTV

Live

National

ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന് ഭാഗവതിനറിയാം, സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് രാഹുല്‍ ഗാന്ധി

ചൈനക്കെതിരെ സൈനികമായി തയ്യാറായിരിക്കേണ്ടതുണ്ട് എന്ന മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന് ഭാഗവതിനറിയാം, സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് രാഹുല്‍ ഗാന്ധി

ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന്​ ആർ.എസ്.എസ്​ തലവൻ മോഹൻ ഭാഗവതിനറിയാമെന്നും ആ സത്യത്തെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് ഭയമാണെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ചൈനക്കെതിരെ സൈനികമായി തയ്യാറായിരിക്കേണ്ടതുണ്ട് എന്ന മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

''ഉള്ളിന്‍റെ ഉള്ളിൽ മോഹൻ ഭാഗവതിന്​ സത്യമറിയാം. പക്ഷേ അദ്ദേഹത്തിന്​ സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയമാണ്. ചൈന ഇന്ത്യൻ ഭൂമി എടുത്തുവെന്നത്​ സത്യമാണ്​. കേന്ദ്ര സർക്കാറും ആർ.എസ്​.എസും ആണതിന്​ അനുവാദം നൽകിയത്​''-രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ദശമിയോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് മോഹന്‍ ഭാഗവത് ചൈന വിഷയം പരാമര്‍ശിച്ചത്. ചൈന ഇന്ത്യൻ അതിർത്തി എങ്ങനെയാണ്​ കൈയ്യേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാം. തായ്‍വാനും വിയറ്റ്നാമും അമേരിക്കയും ജപ്പാനുമായൊക്കെ അവര്‍ യുദ്ധം ചെയ്തു. നമ്മുടെ പ്രതിരോധ സേനയും സര്‍ക്കാരും ജനങ്ങളുമെല്ലാം ചൈനക്ക് തക്കതായ മറുപടി കൊടുത്തിട്ടുണ്ട്. പക്ഷം നമ്മുടെ ഉദാര മനസ്കത ദൌര്‍ബല്യമായി അവര്‍ തെറ്റിദ്ധരിക്കുകയാണ്. ചൈനക്കെതിരെ അയല്‍വാസികളായ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.