LiveTV

Live

National

ലവ് ജിഹാദ് കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍; ആ വാക്ക് എന്ത് അര്‍ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

ഫെമിനിസ്റ്റ് എന്ന വാക്കിനോട് പോലും എനിക്ക് വെറുപ്പാണ് എന്നത് ഉള്‍പ്പെടെയുള്ള രേഖ ശര്‍മയുടെ സ്ത്രീവിരുദ്ധ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി

ലവ് ജിഹാദ് കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍; ആ വാക്ക് എന്ത് അര്‍ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് കേസുകള്‍ കൂടുന്നുവെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. രേഖ ശര്‍മയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. തീവ്രഹിന്ദുത്വ നിലപാട് അതേപടി ഏറ്റുപിടിക്കുന്ന രേഖ ശര്‍മയ്ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ എന്ത് അര്‍ഹതയെന്ന് വനിതാ ആക്റ്റിവിസ്റ്റുകള്‍ ചോദിക്കുന്നു.

'നമ്മുടെ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബലാത്സംഗം, കോവിഡ് സെന്ററുകളില്‍ വനിതാ രോഗികളെ പീഡിപ്പിച്ച സംഭവം, ലവ് ജിഹാദ് കേസുകളുടെ വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ മഹാരാഷ്ട്ര ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു"- എന്നാണ് വനിതാ കമ്മീഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലെ ട്വീറ്റ്.

സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എന്താണ് ലവ് ജിഹാദ് എന്ന് വനിതാ കമ്മീഷനും അധ്യക്ഷയും വിശദീകരിക്കാമോ? തീവ്രഹിന്ദു കൂട്ടായ്മകള്‍ പറയുന്ന അതേ അര്‍ഥത്തിലാണോ ഈ വാക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ ഉപയോഗിക്കുന്നത്? അവരുടെ ആള്‍ക്കൂട്ട അതിക്രമങ്ങളെ കമ്മീഷനും സാക്ഷ്യപ്പെടുത്തുകയാണോ? തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ കല്യാണം കഴിച്ചു എന്ന കാരണത്താല്‍ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതൊന്നും വനിതാ കമ്മീഷന്‍ കാണുന്നില്ലേയെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു. ഒരു മതത്തെ ലക്ഷ്യം വെച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേയെന്നും വനിതാ കമ്മീഷന്‍റെ ട്വീറ്റിന് താഴെ ചോദ്യം ഉയരുന്നു.

ഒപ്പം രേഖ ശര്‍മയുടെ പഴയ സ്ത്രീവിരുദ്ധ ട്വീറ്റുകളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കാന്‍ തുടങ്ങി. ഫെമിനിസ്റ്റ് എന്ന വാക്കിനോട് പോലും തനിക്ക് വെറുപ്പാണെന്നാണ് ഒരു ട്വീറ്റ്. പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കാന്‍ തുടങ്ങിതോടെ ട്വിറ്റര്‍ അക്കൌണ്ട് സെറ്റിങില്‍ മാറ്റം വരുത്തിയിരിക്കുകയാണ് രേഖ ശര്‍മ.