LiveTV

Live

National

'ബോംബ് ഫാക്ടറികളുടെ എണ്ണം കേന്ദ്രത്തിന് അറിയാം, പക്ഷേ അതിഥി തൊഴിലാളികളുടെ ഒരു ഡാറ്റയും കയ്യിലില്ല': അമിത് ഷായെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

അമിത് ഷായുടെ പരാമര്‍ശം അറപ്പുളവാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും അഭിഷേക് ബാനര്‍ജി

'ബോംബ് ഫാക്ടറികളുടെ എണ്ണം കേന്ദ്രത്തിന് അറിയാം, പക്ഷേ അതിഥി തൊഴിലാളികളുടെ ഒരു ഡാറ്റയും കയ്യിലില്ല': അമിത് ഷായെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ ഓരോ ജില്ലയിലും ബോംബ് നിര്‍മാണ ഫാക്ടറികളുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് എവിടെയാണ് ബോംബുണ്ടാക്കുന്നതെന്നൊക്കെ നന്നായിട്ട് അറിയാം, പക്ഷേ അതിഥി തൊഴിലാളികളുടെ വിവരങ്ങളൊന്നും അവരുടെ കൈവശമില്ലെന്ന് ടി.എം.സി എംപി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.

അമിത് ഷായുടെ പരാമര്‍ശം അറപ്പുളവാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു- 'ബോംബ് ഫാക്ടറികളുടെ വിവരങ്ങള്‍ കൈവശമുള്ള അമിത് ഷായുടെ കയ്യില്‍ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഡാറ്റയും ഇല്ല എന്നത് വൈരുദ്ധ്യമാണ്. രാഷ്ട്രപതി ഭരണം എന്നും പറഞ്ഞ് ബംഗാളിലെ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ എങ്ങനെ ധൈര്യം വന്നു? ബംഗാളിലെ സാമൂഹ്യഐക്യം തകര്‍ക്കാനാണ് അമിത് ഷായുടെ ശ്രമം. അറപ്പുളവാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമാണിത്'- അഭിഷേക് ബാനര്‍ജി പറഞ്ഞു.

ബംഗാളിലെ എല്ലാ ജില്ലകളിലും ബോംബ് നിര്‍മാണ ഫാക്ടറികളുണ്ടെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു. പ്രതിപക്ഷത്തുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇതൊന്നും വേറെ ഒരു സംസ്ഥാനത്തുമില്ല. നേരത്തെ കേരളത്തില്‍ സമാന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോള്‍ മാറ്റമുണ്ട്. ബംഗാളില്‍ അഴിമതി അങ്ങേയറ്റമാണെന്നും അമിത് ഷാ ആരോപിച്ചു.

ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കള്‍ക്ക് അങ്ങനെ ആവശ്യപ്പെടാന്‍ അവകാശമുണ്ട് എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സര്‍ക്കാരിനെ സംബന്ധിച്ച് ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനാപരമായി തീരുമാനമെടുക്കുമെന്നും അമിത് ഷാ പ്രതികരിച്ചു.