LiveTV

Live

National

'മോദിയാണ് ശരിയെന്നാണ് പാര്‍ട്ടി പറയുന്നത്'.. കര്‍ഷകവിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തിയപ്പോള്‍ നേതാക്കള്‍ തന്നോട് ആക്രോശിച്ചെന്ന് മല്‍വിന്ദര്‍ സിങ്

'മോദിയാണ് ശരിയെന്നാണ് പാര്‍ട്ടി പറയുന്നത്'.. കര്‍ഷകവിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു

മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിങ് കാങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മോദി ഒരു കാര്യം തീരുമാനിച്ചാല്‍ അത് ഉറപ്പായും ശരിയാണെന്നാണ് പാര്‍ട്ടി പറയുന്നത്. കര്‍ഷകരുടെ കാര്യം ആരും പരിഗണിക്കുന്നില്ലെന്ന് മല്‍വിന്ദര്‍ സിങ് കാങ് പ്രതികരിച്ചു.

"ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പുതിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. പാര്‍ട്ടി അച്ചടക്കത്തിന് കീഴില്‍ എനിക്കതിന് കഴിയില്ല. അതിനാല്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണ്"- മല്‍വിന്ദര്‍ വ്യക്തമാക്കി.

രാജിക്കത്തില്‍ പറയുന്നതിങ്ങനെ..

"മോദി സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറേ ആഴ്ചകളായി കര്‍ഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളി സംഘടനകളും ജനാധിപത്യപരമായ സമരത്തിലാണ്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ ഞാന്‍ കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളോട് പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. അതിനാല്‍ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച്, ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനവും കോര്‍ കമ്മറ്റി അംഗത്വവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഞാന്‍ രാജിവെക്കുകയാണ്. കര്‍ഷക ഐക്യം സിന്ദാബാദ്"..

'മോദിയാണ് ശരിയെന്നാണ് പാര്‍ട്ടി പറയുന്നത്'.. കര്‍ഷകവിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു

രാജിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ബിജെപിയുടെ പ്രവര്‍ത്തനരീതിയെ മല്‍വിന്ദര്‍ വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ താന്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമ്പോള്‍ നേതാക്കള്‍ തനിക്ക് നേരെ ആക്രോശിക്കുകയാണുണ്ടായത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെയും കേന്ദ്രമന്ത്രിയുടെയും സാന്നിധ്യത്തില്‍ വരെ ഇത്തരം ആക്രോശം നേരിടേണ്ടിവന്നു. കര്‍ഷകരെ മറ്റുള്ളവര്‍ അവരുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നായിരുന്നു നേതാക്കളുടെ മറുപടി. പാകിസ്താന്‍റെ ഭാഷയാണ് താന്‍ സംസാരിക്കുന്നത് എന്നുവരെ ഒരു നേതാവ് ആക്ഷേപിച്ചു. പഞ്ചാബിലെ ബിജെപി, സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നില്ല. മോദി എപ്പോഴും ശരിയാണെന്നാണ് അവര്‍ പറയുന്നതെന്നും മല്‍വിന്ദര്‍ വെളിപ്പെടുത്തി.

പുതിയ കര്‍ഷക നിയമത്തിനെതിരെ കനത്ത പ്രതിഷേധമാണ് പഞ്ചാബില്‍ ഉയരുന്നത്. ട്രാക്റ്റര്‍ റാലി, ബിജെപി നേതാക്കളെ ഘരാവോ ചെയ്യല്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രക്ഷോഭം പഞ്ചാബില്‍ തുടരുകയാണ്. മല്‍വിന്ദറിന് മുന്‍പ് ബിജെപിയുടെ ചില ജില്ലാ നേതാക്കളും കൌണ്‍സിലര്‍മാരും പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത കാലത്ത് രാജിവെക്കുകയുണ്ടായി.