LiveTV

Live

National

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

ഭീമ കൊറേഗാവ് കേസില്‍ ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള 83കാരനായ വൈദികന്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്, ഫാ. സ്റ്റാന്‍ സ്വാമി. എന്തിനാണ് ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്.

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

ചിലിയിലെ ഭീകര ഭരണാധികാരി അഗസ്റ്റോ പിനോഷെയുടെ കിങ്കരന്മാർ വെടിവച്ചുകൊന്ന ബിഷപ്പാണ് ഓസ്കർ റോമെറോ. ഒരു ആശുപത്രിയിലെ ചാപ്പലിൽ കുർബ്ബാന അർപ്പിക്കുമ്പോഴാണ് അദ്ദേഹത്തെ കൊല്ലുന്നത്. 1980ൽ ലാറ്റിനമേരിക്കയിലെ വിമോചന ദൈവശാസ്ത്ര പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന രക്തസാക്ഷിത്വം ആയിരുന്നു ബിഷപ്പ് ഓസ്കറിന്‍റേത്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ഒരു പ്രത്യേകത ആയിരുന്നു സഭയുടെ പിന്തുണയും സഹായവും. 'ഒരു കൈയിൽ ബൈബിളും മറുകയ്യിൽ എ.കെ 47തോക്കുമായി' പോരാടുന്ന വൈദികരെ കേരളത്തിൽ മുഖ്യധാരാ ഇടതുപക്ഷമടക്കം ആഘോഷിച്ചിട്ടുണ്ട്.

ഇത് ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല, ഏഷ്യയിലെ ഏക ക്രൈസ്തവരാജ്യമായ ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനന്‍റ് മാർക്കോസിനെതിരെ രാജ്യത്തെ ഇടതുപക്ഷസേനയുടെ പോരാട്ടകാലത്ത് മിണ്ടാനാവോ ദ്വീപിലെ ഏരിയ കമാണ്ടർമാരായി മൂന്ന് വൈദികർ ഉണ്ടായിരുന്ന കാര്യം ഒരു ഫിലിപ്പിനോ വൈദിക സുഹൃത്ത് പങ്കുവച്ചിരുന്നു. ഇന്ത്യയിൽ വരുമ്പോൾ കത്തോലിക്കാ സഭയുടെ നമ്മുടെ നാട്ടിലെയും ഉത്തരേന്ത്യയിലെയും പ്രവർത്തങ്ങളിൽ പ്രകടമായ വത്യാസം കാണാം. ഉദാഹരണത്തിന് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്‍റെ ബിഹാറിലെ ചില മഠങ്ങൾ തൊണ്ണൂറുകളിൽ റെയ്‍ഡ് ചെയ്തത് അന്നത്തെ ബിഹാറിലെ മാവോയിസ്റ്റ് ഗറില്ലകൾക്കു അഭയം നൽകി എന്ന് സംശയിച്ചായിരുന്നു. കാരണം അവിടെ ജന്മികളുടെ ചൂഷണത്തെ മാവോയിസ്റ്റുകൾ എതിർത്തിരുന്നതുപോലെ സഭയും എതിർത്തിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഗറില്ലകളുടെയും സർക്കാരിന്‍റെയും പീഡനങ്ങൾക്ക് ഒരുപോലെ ചില സഭകൾ ഇരയായിട്ടുണ്ട് എന്നത് സത്യമാണ്. സലേഷ്യൻ വൈദികർ കൊല്ലപ്പെടുന്നത് അങ്ങനെയാണ്.

എന്നാൽ തൊണ്ണൂറുകളിൽ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ ശക്തിപ്പെട്ടപ്പോൾ, സഭാസ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങൾ നടന്നു. 1990 ജൂലൈ 13ന് ഇന്നത്തെ യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന യു.പിയിലെ ഗജ്‌റൗളയിൽ സ്വാതന്ത്ര്യ ഇന്ത്യയിൽ ആദ്യമായി കന്യാസ്ത്രീകൾ ബാലസംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെ ആകമാനം ഞെട്ടിച്ചു. പിന്നീട് 90-95 കാലഘട്ടങ്ങളിൽ മാത്രം 20 കൊലകളും മാനഭംഗങ്ങളും ഉൾപ്പെടുന്ന കേസുകൾ ഉണ്ടായി. 2008ലെ കാണ്ഡമാൽ ക്രിസ്ത്യൻ വിരുദ്ധ കലാപത്തിൽ വ്യാപക കൊലകളും മാനഭംഗങ്ങളും നടന്നു. ഒരു കന്യാസ്ത്രീയെ നൂറോളം പേര്‍ ബലാത്സംഗം ചെയ്ത സംഭവവും ഉണ്ടായി. നരേന്ദ്രമോദിയുടെ ഭരണം ആരംഭിച്ചപ്പോൾ തന്നെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും വളരെയധികം വർധിച്ചു. 200 കേസുകൾ ആദ്യഘട്ടത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

എന്നാൽ പൊതുവെ കേരളത്തിൽ അക്രമങ്ങൾ കുറവാണെങ്കിലും, നടത്തിയ അക്രമങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയാണുണ്ടായത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്, തൃശൂരിൽ കൊല്ലപ്പെട്ട വൈദികന്‍റെ കൊലയാളിയെ മാനസികരോഗിയാക്കിചിത്രീകരിച്ചത്. പിന്നെ ചർച്ചയായതു മറ്റു ചില വിശേഷങ്ങളാണ്. അഭയ, ജെസ്മി, ലൂസി കളപ്പുരക്കൽ തുടങ്ങി അധോലോക നായകനെ പോലും വെല്ലുന്ന ഫ്രാങ്കോ മുളക്കലിന്‍റെ ലീലാവിലാസങ്ങൾ വരെയുള്ള കാര്യങ്ങൾ. മേല്‍പ്പറഞ്ഞതിൽ നിന്നെല്ലാം വ്യത്യസ്തമായി 1947ന് ശേഷമുള്ള ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കാം ഒരു വൈദികൻ മാവോയിസ്റ്റ് തീവ്രവാദിബന്ധം ആരോപിക്കപ്പെട്ട് ജയിലിൽ അടക്കപ്പെടുന്നത്. ഫാദർ സ്റ്റാൻസിലാവോസ് ലൂർദ് സ്വാമി എന്ന തമിഴ്‍ നാട്ടുകാരനായ (മുഖ്യമന്ത്രിയടക്കം മലയാളി എന്ന് തട്ടിവിട്ടിട്ടുണ്ട്) ജസ്യൂട്ട് വൈദികൻ ഇന്ത്യയിലെ മാത്രമല്ല ലോകശ്രദ്ധ തന്നെ നേടിയിരിക്കുകയാണ്.

2018ൽ ആണ് ആൾക്കൂട്ട കൊലകളും സംഘടനാ നിരോധനങ്ങളും സാധാരണ സംഭവമായ ജാർഖണ്ഡിൽ ഞാനെത്തുന്നത്. എന്നോടൊപ്പം ടെഹ്‌സീനിയ മനുഷ്യാവകാശ ഏകോപന സമിതി അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ. മാർക്‌സും ഡൽഹി അധ്യക്ഷനായ അഡ്വ. അൻസാറും ഒപ്പം ഉണ്ടായിരുന്നു. ഡൽഹിയിൽ വച്ച് തന്നെ എന്‍റെ പല സുഹൃത്തുക്കളും ഒപ്പം സുപ്രീം കോടതി അഭിഭാഷകയായ അഡ്വ. വൃന്ദ ഗ്രോവറും അടക്കം പലരും പറഞ്ഞു, നിങ്ങൾ ഫാദർ സ്റ്റാൻസ് സ്വാമിയേ കാണണം അദ്ദേഹം സംസ്ഥാനത്തു നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളുടെ കൃത്യമായ വിവരം തരും.

റാഞ്ചിയിൽ നിന്ന് അൽപ്പം അകലെ പട്ടാള ബാരക്കുകൾക്ക് നടുവിലാണ് ബാഗെയ്ച്ച സെന്‍റർ എന്ന ' തീവ്രവാദ കേന്ദ്രം. ' ജസ്യൂട്ട് സഭ ഇന്ത്യയിൽ വിധ സഥലങ്ങളിൽ സാമൂഹ്യ ശാസ്ത്ര പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലൂരിലെ ഐ.എസ്.ഐ എന്ന ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, പിന്നെ ഡൽഹിയിൽ നോർത്ത് ഈസ്റ്റിൽ ഇവിടെയൊക്കെ സമാനമായ സ്ഥാപങ്ങൾ ഉണ്ട്. രാജ്യത്തെ അടിസ്ഥാന പ്രശനങ്ങൾ സംബന്ധിച്ച നിരവധി പഠന രേഖകൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ബാഗെയ്ച്ച സോഷ്യൽ സെന്‍റർ. ഇതിനെയാണ് സംഘപരിവാർ തീവ്രവാദകേന്ദ്രം എന്നാക്ഷേപിക്കുന്നത്. ഇന്ത്യയിലെ രാജ്യാന്തര പ്രശസ്തിയുള്ള കലാലയങ്ങളെ തീവ്രവാദ മുദ്രയടിച്ച നിരക്ഷരകുക്ഷികളായ കാവി ഭീകരർ ഒരു സാമൂഹ്യ ശാസ്ത്ര പഠന കേന്ദ്രത്തെ അങ്ങനെ ആക്ഷേപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

ഭൂമി കൈവശപ്പെടുത്തുക എന്നതാണല്ലോ അന്താരാഷ്‌ട്ര കുത്തക മുതൽ ലോക്കൽ ബ്രാൻഡ് മുതലാളി വരെയുള്ളവരുടെ പ്രാഥമിക വികസന പാഠം. ഇതിൽ സർക്കാർ എല്ലായിടത്തും ചെയ്യുന്ന, സ്വന്തം ജനതയെ തുറുങ്കിൽ അടച്ചോ വെടിവച്ചുകൊന്നുകൊണ്ടോ ആ ഭൂമി മുതലാളിക്ക് കൈമാറുന്ന പ്രക്രിയയെ ഫാദർ സ്റ്റാൻസ് എതിർത്തിരുന്നു. അതിനു വേണ്ടി അദ്യം അദ്ദേഹം ചെയ്തത് ഭൂമിയുടെ അവകാശത്തെക്കുറിച്ചും ഇന്ത്യൻ വനാവകാശത്തെക്കുറിച്ചും ആദിവാസികളെ ബോധ്യപ്പെടുത്തുകയായിരുന്നു. അതിൽ അദ്ദേഹവും കൂട്ടരും വിജയിക്കുകതന്നെ ചെയ്തു. കുറേക്കൂടി കൃത്യമായി പറയുകയാണെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ മൗലിക അവകാശത്തെകുറിച്ചും നിലവിലെ നിയമവ്യവസ്ഥയിൽ ആദിവാസി ദളിത ജനതയുടെ അവകാശത്തെക്കുറിച്ചുമാണ് അദ്ദേഹം അവരോട് സംസാരിച്ചത്.

ആദിവാസികളുടെ സ്വയം ഭരണ കൗൺസിലുകൾ നമ്മുടെ നാട്ടിൽ അന്യമാണെങ്കിലും ഉത്തരേന്ത്യയിൽ അത് സാധാരണമാണ് പക്ഷേ സർക്കാരും പോലീസും അനുവദനീയമായ ഈ സംവിധാനത്തെ ഇല്ലാതാക്കുന്നതിന് കണ്ടെത്തിയ മാർഗമാണ്, മാവോയ്സ്റ്റ് തീവ്രവാദ ബന്ധം. 'Deprived Rights Over Natural Resources, Impoverished Adivasis Get Prison ' എന്ന റിപ്പോർട്ട് ആണ് സർക്കാരിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചിരിക്കുന്നത്. 129 പേജ് വരുന്ന റിപ്പോർട്ടിൽ ജാർഖണ്ഡിലെ നാലായിരത്തോളം വരുന്ന ആദിവാസി തടവുകാരുടെ വിവരങ്ങളുണ്ട്. എല്ലാവരും സർക്കാർ ഭാഷയിൽ 'മാവോയിസ്റ്റുകൾ ' ആണ്. എന്നാൽ 18 ജില്ലകളിൽ നിന്ന് ജാമ്യത്തിൽ വിട്ടയക്കപ്പെട്ട 102 പേരിൽ ആകെ രണ്ടുപേരിൽ മാത്രമാണ് മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായത്.

മറ്റൊരു സംഗതി ബാഗെയ്ച്ച സെന്‍ററിന് ചുറ്റും എങ്ങനെയാണ് ഈ പട്ടാള ബാരക്ക് വന്നത് എന്ന് ചോദിച്ചപ്പോൾ, 'ഞാൻ വന്നതിനു ശേഷം പട്ടാളവും വന്നു - എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനോടൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ട മറ്റൊരു സംഭവം പറയാം. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ ആദിവാസികൾ കാണുന്നത് പട്ടാളം വലിയ സന്നാഹങ്ങളുമായി 245 ആദിവാസി ഗ്രാമങ്ങൾ സ്ഥിതി ചെയുന്ന നെയ്തർഹട് എന്ന സ്ഥലത്തെ കാട്ടിൽ വരുന്നു. ''ഇന്ന് മുതൽ ഇവിടെ ഞങ്ങളുടെ പീരങ്കി പരിശീലന കേന്ദ്രമാണ്.'' ആദിവാസികൾ മറുപടിയായി ഒരൊറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ, ''ആരോട് ചോദിച്ചിട്ടു ഞങ്ങളുടെ കാട്ടിൽ കയറി?''

കനത്ത പ്രതിഷേധത്തിൽ സേനയ്ക്ക് കാട് വിടേണ്ടി വന്നു. ജസ്യൂട് സ്ഥാപനങ്ങളുടെ പഠന റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ വലിയ സത്യങ്ങളാണ് പുറത്തുകൊണ്ടു വന്നത്. ഡൽഹിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനപ്രകാരം 24 ലക്ഷം ഏക്കർ ഭൂമി തട്ടിയെടുത്തു, 19 ലക്ഷംപേർക്കു കൃഷി ഭൂമി നഷ്ടപ്പെട്ടു. സേവിയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സമാനമായ ഒരു പഠനം നടത്തിയിട്ടുണ്ട്. ഓർക്കുക രണ്ടും ജസ്യൂട് വൈദികരുടെ സ്ഥാപനമാണ്. ഫാദർ സ്റ്റാൻസിന്‍റെ അറസ്റ്റിലൂടെ ഒരു കാര്യം വ്യക്തമാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ ജസ്യൂട് സഭയുടെ പ്രവർത്തനങ്ങൾക്ക് അധികം ആയുസ് ഇന്ത്യയിൽ ഉണ്ടാവില്ല. പ്രത്യേകിച്ചും അവരുടെ സാമൂഹ്യ പഠനകേന്ദ്രങ്ങൾക്ക്. ആദിവാസികളുടെ ഇടപെടലുകൾ കാരണം പൊളിഞ്ഞു പോയ മറ്റു പ്രധാന സംഭവങ്ങളാണ് മിത്തൽ എന്ന കമ്പനിക്കു ഭൂമി കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതും പിന്നെ ജല വൈദുത പദ്ധതിയ്ക്ക് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതും. ഇത്തരം കാര്യങ്ങളിൽ ആദിവാസിളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നതിൽ ബാഗെയ്ച്ച സെന്‍ററിന്‍റെ സംഭാവന വളരെ വലുതാണ്.

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

1784 മുതൽ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ രക്തസാക്ഷികളുടെ പേരുകൾ കൊത്തിവച്ചിരിക്കുന്ന ഒരു വലിയ കല്ല് നമുക്ക് ബാഗെയ്ച്ച സെന്‍ററിന്‍റെ മുറ്റത്തു കാണാൻ കഴിയും. സമീപത്തു തന്നെ ബിർസ മുണ്ടയുടെ ഒരു ഒരു പ്രതിമയും. സ്ഥാപനത്തിന്‍റെ രാഷ്രീയം മനസിലാക്കാൻ അധികം ബദ്ധപ്പെടേണ്ട കാര്യമില്ല എന്ന് ഏതൊരാള്‍ക്കും മനസിലാക്കാം. സർക്കാരിന്‍റെ ഏതൊരു ജനവിരുദ്ധ തീരുമാനത്തിനെതിരെയും സമര പരിപാടികളുടെ ആദ്യത്തെ അഗ്നി പൊട്ടിപുറപ്പെടുന്നതിന്‍റെ ഉത്ഭവം ബാഗെയ്ച്ച സെന്‍ററാണ്. അതുകൊണ്ടു തന്നെ 'വിസ്‌താപൻ വിരോധി ജൻ വികാസ് ആന്ദോളൻ ' എന്ന സംഘടന യെ നിരോധിച്ചു. പക്ഷേ മേൽക്കോടതിയിൽ സർക്കാർ പരാജയപ്പെട്ടു. സംഘടനയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം തിരിച്ചു കിട്ടി.

ബംഗ്ലൂരിൽ നിന്ന് ജാർഖണ്ഡിലേക്ക് പോയ സ്വാമിയച്ചൻ ' ജോഹർ ' (Jharkhand Organization for Human Rights) എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ബാഗെയ്ച്ചയിൽ വന്നിട്ട് പതിനഞ്ചു വര്‍ഷം മാത്രമാണ് ആയത്. അന്ന് തൊട്ട് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭൂമി നഷ്ട്ടപ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായിട്ടാണ്. ഒപ്പം ജനകീയ സമര പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമാണ് മറ്റൊന്ന്. 2008 മുതൽ 2018വരെയുള്ള പത്തു വർഷ കാലയളവിൽ പതിനാല് സംഘടനകൾ നിരോധിക്കപ്പെട്ട നാടാണ് ജാർഖണ്ഡ്. സംഘപരിവാർ സംസ്ഥാനം ഭരിച്ച കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ടക്കൊലകൾ നടന്ന നാടും കൂടിയാണിത്. അങ്ങനെയുള്ള ഒരു നാട്ടിൽ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന ഒരു വൈദികനെ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാരിന്‍റെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളു.

ഫാദർ സ്റ്റാൻസ്; ഫാഷിസ്റ്റ് കാലത്തെ പോരാട്ട പാഠപുസ്തകം

''എനിക്ക് സന്തോഷമുണ്ട്. ഈ കാലത് ഞാൻ വെറുമൊരു കാഴ്ചക്കാരനായിരിക്കുന്നില്ല.'' എന്ന് 83ലും തളരാത്ത പോരാട്ടവീര്യവുമായി ഒരു വൃദ്ധ വൈദികൻ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് പറയുമ്പോൾ ഓർക്കുക; ഈ ഫാഷിസ്റ്റ് വിരുദ്ധ കാലത്തു നമുക്ക് ഫാദർ സ്റ്റാൻസിൽ നിന്ന് പഠിക്കാൻ മാത്രമല്ല അദ്ദേഹമുൾപ്പെടുന്ന ഭീമ കോറഗാവ് കേസിൽ തടവിലാക്കപ്പെട്ട എല്ലാവർക്കുവേണ്ടിയും ശബ്ദിക്കാനുള്ള കടമയുണ്ടെന്നു കൂടി ആ വാക്കുകൾ നമ്മളെ ഓർമിപ്പിക്കുന്നു.