സുരക്ഷിതരായിരിക്കണം: ഡല്‍ഹിയിലേക്ക് താമസം മാറാന്‍ അനുവദിക്കണമെന്ന് ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം
കേസിന്റെ വിചാരണയും ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നു.

കുടുംബത്തിന്റെ സുരക്ഷയെ കരുതി തങ്ങളെ ഡല്‍ഹിയിലേക്ക് താമസം മാറാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ കഴിഞ്ഞ മാസം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി മാറാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന് ആവശ്യപ്പെടുന്നത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു സഹോദരന്റെ പ്രതികരണം. കേസിന്റെ വിചാരണയും ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നു.
''കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഡല്‍ഹിയിലേക്ക് താമസം മാറണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കണം. ഞങ്ങള്‍ അവരെ ആശ്രയിക്കുന്നു. എവിടെയായിരുന്നാലും സുരക്ഷിതമായി ഇരിക്കണമെന്ന് മാത്രമേയുള്ളൂ''വെന്നായിരുന്നു സഹോദരന്റെ പ്രതികരണം.
കേസ് നിലവില്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കേസിലെ പ്രതികളില്‍ നിന്നും ഇരയുടെ ബന്ധുക്കളില്‍ നിന്നും സിബിഐ മൊഴിയെടുത്ത് കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പെട്ടെന്ന് തന്നെ സമര്‍പ്പിക്കുമെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ ബന്ധികളാക്കി പൊലീസ് സംസ്കരിച്ച നടപടി വിവാദമായിരുന്നു. തുടര്‍ന്നാണ് കേസ് രാജ്യശ്രദ്ധ ആകര്‍ഷിച്ചത്.