LiveTV

Live

National

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

ഒക്ടോബർ 17. അലിഗഢ് മുസ്‍ലിം യൂണിവേഴ്സിറ്റി സ്ഥാപകനും ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്‍റെ ജന്മദിനം.

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

അലിഗഢ് മുസ്‍ലിം യൂണിവേഴ്സിറ്റി സ്ഥാപകനും ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്‍റെ 203 ആം ജന്മദിനം ഇന്ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. മദ്റസതുൽ ഉലൂമിൽ തുടങ്ങി മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റൽ കോളേജിലൂടെ അലിഗഢ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലെത്തിയ വിദ്യാഭ്യാസ വിപ്ലവം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ മുഴുവന്‍ ആണിക്കല്ലായി മാറിയിട്ടും ചരിത്ര രഥത്തിന്‍റെ തേരാളിയായിരുന്ന അഹമ്മദ് ഖാൻ വർഷങ്ങൾക്കിപ്പുറവും ഇന്ത്യന്‍ ചരിത്രത്തില്‍ അരിക്‍വൽകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ബ്രട്ടീഷ് വിരുദ്ധ നിലപാടുകൾ ഉപേക്ഷിച്ച അഹമ്മദ് ഖാൻ അലിഗഢ് മൂവ്മെന്‍റിലൂടെ മുസ്‍ലിം സമുദായത്തിന്‍റെ വിദ്യാഭ്യാസപരമായ കെട്ടുറപ്പായിരുന്നു ലക്ഷ്യം വെച്ചത്. എല്ലാ നവോത്ഥാനത്തിന്‍റേയും ഊർജ സ്രോതസ്സ് വിദ്യാഭ്യാസ പുരോഗതിയാണെന്ന തിരിച്ചറവിൽ നിന്നാണ് അദ്ദേഹം തന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങി വെക്കുന്നത്. ദേശീയ സമര കാലത്ത് പ്രക്ഷോഭ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്ത ദേശീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനായിരുന്നു സയ്യിദ് അഹ്മദ് ഖാൻ. തന്‍റെ ജനതയുടെ വിമോചനത്തിന് വിദ്യാഭ്യാസ വിപ്ലവമാണ് ഇന്ധനം എന്ന തിരിച്ചറിവിൽ നിന്നാണ് അയാള്‍ സ്വന്തം ജനതയോട് പുസ്തകമെടുക്കാന്‍ ആവശ്യപ്പെടുന്നത്. ഒരുപക്ഷേ പിൽകാലത്ത് ദേശീയ സമരത്തിന്‍റെ ബൗദ്ധികമായ കേന്ദ്രമായി അലിഗഢ് മാറിയതിനു കാരണം സർ സയ്യിദിന്‍റെ ഈ ദീർഘ വീക്ഷണത്തിന്‍റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലാണ്.

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

ഇന്ത്യയിൽ ഉലമ ആക്ടിവിസത്തിന് പുതിയ മാനം നൽകിയ നേതാവ് കൂടിയായിരുന്നു അഹമ്മദ് ഖാൻ. അതിനാല്‍ തന്നെ അക്കാലത്തെ പാരമ്പര്യ ഉലമാ സമൂഹത്തിന്‍റെ വിമർശനങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. മുസ്‍ലിം പണ്ഡിതനും പ്രവാചക പാരമ്പര്യത്തിലെ (അഹ്ലു ബൈത്തിലെ) കണ്ണിയുമായ അദ്ദേഹം വാഹാബിസത്തിന്‍റെ വക്താവായിരുന്നു എന്നും ഇസ്‍ലാമിന്‍റെ ഒറ്റുകാരനാണെന്നും അക്കാലത്ത് ഫത്വവകളിറങ്ങിയിരുന്നു. ആംഗ്ലോ ഓറിയന്‍റൽ കോളേജിനായി പണം സ്വരൂപിക്കാനിറങ്ങിയപ്പോൾ അദ്ദേഹം കാഫിറാണെന്നും ഫണ്ട് നൽകരുതെന്നും ഉത്തരേന്ത്യയിലെ അന്നത്തെ പരമ്പരാഗത പണ്ഡിതരിൽ ചിലർ ആഹ്വാനം ചെയ്തു. ഒരിക്കല്‍ അദ്ദേഹത്തെ എറിഞ്ഞ കല്ല് എടുത്ത് കൊണ്ട് അദ്ദേഹം അവരോട് തന്നെ പറഞ്ഞു ഈ കല്ലിൽ നിന്നാണ് ഞാന്‍ മുസ്‍ലിം സമുദായത്തിന്‍റെ വിമോചനത്തിനുള്ള ശിലാ സ്ഥാപനം നടത്തുന്നത് എന്ന്.

ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മുസ്‍ലിം ജനവിഭാഗത്തിന്‍റെ രാഷ്ട്രീയ ശാക്തീകരണവും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ രൂപീകരണ ഘട്ടത്തില്‍ തന്നെ അതിന്‍റെ രാഷ്ട്രീയ സ്വഭാവത്തില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് ഇടമില്ല എന്ന് പ്രവാചക തുല്ല്യമായ പ്രവചനം നടത്തി. സവർണ ഹിന്ദു പ്രീണനമാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും അതിൽ ഇന്ത്യന്‍ മുസ്‍ലിംകൾക്ക് വിമോചനത്തിനുള്ള വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഇന്ത്യയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബൗദ്ധിക അടിത്തറ നൽകിയതും പിന്നീട് സർവ്വേന്ത്യാ മുസ്‍ലിം ലീഗിന്‍റെ രൂപീകരണത്തിന് വഴി ഒരുക്കിയതും സർ സയ്യിദിന്‍റെ ചിന്താധരയാണ്. അതുകൊണ്ടാണ് അലിഗഢ് ആദ്യ കാലത്ത് മുസ്‍ലിം ലീഗിന്‍റ കേന്ദ്രമായി മാറിയത്. അദ്ദേഹത്തിന്‍റെ  പിൻഗാമിയായി അറിയപ്പെട്ട വിഖാറുൽ മുൽകും മുഹ്സിനുൽ മുൽകുമൊക്കെ മുസ്‍ലിം ലീഗിന്‍റെ നേതാക്കന്മാരായി ഉയർന്നു വന്നതും അങ്ങനെയാണ്. 1930 കളുടെ പകുതി വരെ ദേശീയ സമരത്തിന്‍റെ മുന്നണിയിൽ അലിഗഢിലെ വിദ്യാർത്ഥികളും അധ്യാപകരും അണി നിരന്നിരുന്നു. അലിഗഢിലെ വിദ്യാര്‍ത്ഥി സമരരംഗത്ത് നിന്നാണ് ഹസ്രത് മൊഹാനിയെ പോലെയുള്ളവർ രൂപപ്പെട്ടു വരുന്നത്. ധിഷണാശക്തിയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുത്തു എന്ന പേരിലാണ് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിൽ സർ സയ്യിദിനെ അടയാളപ്പെടുത്തേണ്ടത്. തീവ്രദേശീയവാദത്തെ ശക്തമായി എതിർത്ത അദ്ദേഹം സ്വാതന്ത്ര്യത്തിന് വേണ്ടി സായുധസമരല്ല വിജ്ഞാനവിപ്ലവമാണ് സമുദായത്തിന് അവശ്യമെന്ന് വാദിച്ചു. ദേശീയ സമരങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു എതിരെ നടന്ന ക്യാമ്പയിനുകളെ പ്രതിരോധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിന്‍റെ  വളർച്ചക്ക് അനിവാര്യമാണെന്നും പ്രചരിപ്പിക്കുകയും ചെയ്തു. മുസ്‍ലിം സമുദായത്തിനിടയിൽ ആധുനിക വിദ്യാഭ്യാസത്തിനായി ആദ്യമായി വാദിച്ചതും സർ സയ്യിദാണ്. അതോടൊപ്പം ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സുമൊക്കെ പഠിക്കാൻ പ്രത്യേകം എജ്യൂക്കേഷൻ സൊസെറ്റികളും അലിഗഢ് മൂവ്മെന്‍റിന്‍റെ ഭാഗമായി അദ്ദേഹം രൂപം കൊടുത്തു.

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

ഒന്നാം സ്വാതന്ത്ര്യ സമരം വൈകാരികമായ പ്രതികരണങ്ങളുടെ ഫലമാണെന്നായിരുന്നു സർ സയ്യിദിന്‍റെ നിരീക്ഷണം. ഈ നിരീക്ഷണം അക്കാലത്ത് വിമർശിക്കപ്പെട്ടെങ്കിലും ചരിത്രം പിന്നീട് സർ സയ്യിദിന്‍റെ നീരീക്ഷണങ്ങളെ ശരിവെച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്‍റെ വിജയമായിരുന്നു ഒന്നാം സ്വാതന്ത്ര സമരമെന്ന് പില്ക്കാലത്ത് ചരിത്രത്തില്‍ പുനർവായനകളുണ്ടായി. മുഗൽ ഭരണകാലത്ത് സർവ്വ പ്രതാപത്തോടെ ജീവിച്ച ഉത്തരേന്ത്യൻ മുസ്‍ലിം സമൂഹം പിന്നീട് ബ്രിട്ടീഷ് ഭരണത്തില്‍ പാർശ്വവൽക്കരിക്കപ്പെടുകയും സമൂഹത്തിലെ റിക്ഷാവാലകളും തെരുവിൽ തെണ്ടുന്നവരുമായി മാറുന്നത് കണ്ടാണ് സർ സയ്യിദ് അലിഗഢ് മൂവ്മെന്‍റിന് തുടക്കം കുറിക്കുന്നത്. ഉത്തരേന്ത്യൻ സമൂഹത്തിൽ വൈജ്ഞാനിക വിപ്ലവം നടത്തിയവരിൽ സർ സയ്യിദിന് പകരം വെക്കാവുന്ന മറ്റൊരു പേര് കണ്ടെത്തുക പ്രയാസമാണ്. തീവ്ര ദേശീയതക്ക് തീപിടിച്ച 1930 കളിൽ സമൂഹത്തിന്‍റെ വൈജ്ഞാനിക മണ്ഡലത്തിൽ പ്രകടമായ വിപ്ലവമാണ് ഇന്ത്യന്‍ മുസ്‍ലിംമിന് സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കുള്ള ബൗദ്ധിക മൂലധനം നൽകിയത്.

ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായി അലിഗഢിൽ നിന്ന് മുഹമ്മദലി ജൗഹർ അടക്കമുള്ളവർ വേറിട്ട് പോരുകയും അലിഗഢിൽ തന്നെ മറ്റൊരു യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡൽഹിയിലേക്ക് സ്ഥലം മാറ്റിയ ജാമിഅഃ മില്ലിയ യൂണിവേഴ്സിറ്റിയായിരുന്നു ആ സ്ഥാപനം. അലിഗഢ് ബ്രിട്ടീഷ് സേവയുടെ ഫലമാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ 130 വർഷങ്ങൾക്കിപ്പുറവും അലിഗഢ് യൂണിവേഴ്സിറ്റി മുസ്‍ലിം ബൗദ്ധികതയുടെയും മുസ്‍ലിം ദേശീയതയുടേയും അടയാളങ്ങളെ സൃഷ്ടിച്ചും സംരക്ഷിച്ചും പോരുന്നു എന്നതും പുതിയ കാലത്തെ വിമോചന സമര പ്രക്ഷോഭങ്ങളുടെ ഹൃദയ ഭൂമികയായി അലിഗഢ് മാറുന്നതും ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത പോരാട്ട ചരിത്രത്തിന്‍റെ മാഞ്ഞു പോകാത്ത സാക്ഷ്യങ്ങളാണ്. ആദ്യമായി ഈ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയത് ഒരു ഹിന്ദു മത വിശ്വസിയായിരുന്നു. ഇന്നും ഹിന്ദു രാജാക്കന്മാരുടെ പേരിൽ നിലനിൽക്കുന്ന ഹോസ്റ്റലുകളും യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങളും അഹമ്മദ് ഖാൻ നിലനിർത്തിയിരുന്ന മതേതര മൂല്യങ്ങളുടെ മാഞ്ഞു പോകാത്ത അടയാളങ്ങളാണ്.

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

അലിഗഢ് നഗരം തൊണ്ണൂറുകളിൽ കലാപങ്ങളും സംഘർഷങ്ങളും കൊണ്ട് ഭീതി സൃഷ്ടിച്ച നാളുകളിൽ പോലും യൂണിവേഴ്സിറ്റി മതേതര വഴികളിൽ നിന്ന് മാറി നടന്നിരുന്നില്ല. ലോകത്ത് പ്രശ്നങ്ങളില്ലാതെ സുന്നി-ഷിയാ വിഭാഗത്തിലായി രണ്ട് ജുമുഅഃ നടക്കുന്ന ലോകത്തിലെ ഏക ആരാധന കേന്ദ്രം കൂടിയാണ് യൂണിവേഴ്സിറ്റിക്കുള്ളിലെ സർ സയ്യിദ് മസ്ജിദ്. സുന്നീ മതവിശ്വാസം പിന്തുടര്‍ന്നിരുന്ന അഹമ്മദ് ഖാൻ ഷിയാ വിഭാഗത്തിന്‍റെ വിശ്വാസത്തെ ബഹുമാനിക്കുകയും അവർക്കാവശ്യമായ ആരാധന ഇടങ്ങളും മറ്റു സൗകര്യങ്ങളും അനുവദിച്ചു നൽകുകയും ചെയ്തിരുന്ന. ബ്രിട്ടീഷ് ഭരണാധികാരികളുമായും നാട്ടുരാജാക്കന്മാരുമായും അദ്ദേഹം പുലർത്തിയ ബന്ധത്തിന്‍റെ ഫലമായിരുന്നു യൂണിവേഴ്സിറ്റിയിൽ ആംഗ്ലോ ഓറിയന്‍റൽ കോളേജിന്‍റേതായി ഇപ്പോഴും നിലനിൽകുന്ന ചരിത്ര സ്മാരക നിർമിതികൾ. കോളേജിന്‍റെ ആദ്യത്തെ ലൈബ്രറി, ബ്രിട്ടീഷ് വൈസ്രോയിയും ആംഗ്ലോ ഓറിയന്‍റെൽ കോളേജിന് ശിലാസ്ഥാപനം നടത്തിയ ലിട്ടൺ പ്രഭുവിന്‍റെ പേരിലായിരുന്നു.

തന്‍റെ യാത്രകളിൽ പുസ്തകങ്ങള്‍ വിറ്റും പ്രഭാഷണങ്ങള്‍ നടത്തിയും നേടിയ പണം കൊണ്ടാണ് അദ്ദേഹം സ്ഥാപനത്തിന് ആവശ്യമായ മൂലധനം കണ്ടെത്തിയിരുന്നത്. ബ്രിട്ടീഷ് രാജിനോടുള്ള മൃദു സമീപനത്തിന്‍റെ പേരിൽ ദേശീയ നേതാക്കളിൽ പലരും സർ സയ്യിദിനോട് അയിത്തം പുലർത്തിയിരുന്നു. ഹൈദരബാദിലെ നവാബും രാജാ ജയ്കിഷനുമൊക്കെ നൽകിയ പിന്തുണയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് അക്കാലത്ത് കരുത്ത് നൽകിയത്.

സർ സയ്യിദ് അഹ്‌മദ് ഖാൻ: മാറ്റത്തിന്‍റെ കൊടിവാഹകൻ

ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അക്കാദമിക്ക് ലൈബ്രറിയാണ് ജവഹർലാൽ നെഹ്റു തറക്കല്ലിട്ട യൂണിവേഴ്സിറ്റിയിലെ മൌലാനാ ആസാദ് ലൈബ്രറി. സർ സയ്യിദ് തുടങ്ങി വെച്ച വിജ്ഞാന വിപ്ലവത്തിന്‍റെയും അതിശയിപ്പിക്കുന്ന ദീർഘ വീക്ഷണത്തിന്‍റെയും ഉജ്ജ്വലമായ അടയാളമാണ് ഇന്നത്തെ അലിഗഢ് ക്യാംപസ്. കിഴക്കിന്‍റെ ഓക്സ്ഫോര്‍ഡ് എന്ന വിശേഷണം അലിഗഢിന് വന്നു ചേരുന്നത് അലങ്കാരികമായിട്ടായിരുന്നില്ല. അഹമ്മദ് ഖാൻ തന്‍റെ ബ്രിട്ടീഷ് യാത്രയിൽ നിന്ന് ഓക്സ്ഫോര്‍ഡിന്‍റേതായി കണ്ടെടുത്ത മാതൃകകളാണ് അദ്ദേഹം അലിഗഢിൽ നടപ്പാക്കിയത്. ഹോസ്റ്റൽ സിസ്റ്റവും അക്കാദമിക് കൾച്ചറും അക്കാലത്ത് ലോകത്തിൽ എണ്ണപ്പെട്ട യൂണിവേഴ്സിറ്റികളുടെ കൂട്ടത്തിലേക്ക് അലിഗഢിനെ ഉയർത്തിയിരുന്നു. ഇന്ന് അലിഗഢിന് അറിവിന്‍റെ മക്ക എന്ന വിശേഷണം കൂടിയുണ്ട്. അത്രയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിവേഴ്സിറ്റിക്ക് കീഴിലും അല്ലാതെയും നിലകൊള്ളുന്നുണ്ട്. നഴ്സറി തലം മുതൽ ഗവേഷണ തലം വരെ പഠന സൗകര്യം നൽകുന്ന ഇന്ത്യയിലെ ഏക യൂണിവേഴ്സിറ്റി കൂടിയായി അലിഗഢ് വളർന്നിരിക്കുന്നു. ഇന്ത്യയിൽ മറ്റൊരു വിദ്യാഭ്യാസ പരിഷ്കർത്താവിനും അവകാശപ്പെടാനില്ലാത്ത അത്ര ഉയരങ്ങളിലാണ് ഇന്ന് സർ സയ്യിദ് അഹമ്മദ് ഖാൻ. അതുകൊണ്ടു തന്നെയാണ് നമ്മുടെ ചരിത്രത്തില്‍ നിന്ന് അഹമ്മദ് ഖാൻ എന്ന പേര് വെട്ടി മാറ്റേണ്ടത് സംഘപരിവാർ അജണ്ടയുടെ ഭാഗമായി വരുന്നത്.  ഇടക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി വിവാദവും ഇതിന്‍റെ പ്രതിഫലനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും ഭരിക്കാനുമുള്ള അവകാശം വകവെച്ച് നൽകുന്നുണ്ടെങ്കിലും ഭരണകൂടം അതിന് വിരുദ്ധമായി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന്‍റെ യുക്തി തന്നെയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.