LiveTV

Live

National

കോണ്‍ഗ്രസിനെതിരായ പരാമര്‍ശം: ഖുശ്ബു മാപ്പ് പറഞ്ഞു

ഖുശ്ബുവിന്റെ പരാമർശം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിനെതിരായ പരാമര്‍ശം: ഖുശ്ബു മാപ്പ് പറഞ്ഞു

കോൺഗ്രസ് മാനസിക വൈകല്യമുള്ളവരുടെ പാർട്ടിയാണെന്ന പരാമർശത്തിൽ ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ മാപ്പ് പറഞ്ഞു. ഖുശ്ബുവിന്റെ പരാമർശം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന തമിഴ്നാട്ടിലെ 30 പോലീസ് സ്റ്റേഷനുകളിൽ ഖുശ്ബുവിനെതിരെ പരാതി നല്‍കി. പിന്നാലെയാണ് ഖുശ്ബു ഖേദം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസിലുള്ളവര്‍ മാനസിക വൈകല്യമുള്ളവരാണെന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ ഖുശ്ബു പറഞ്ഞത്. കോണ്‍ഗ്രസ് വിട്ടത് സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിവാദ പ്രതികരണം.

'ഒരു നിമിഷത്തെ വികാര വിക്ഷോഭത്താല്‍ തെറ്റായ വാക്കുകൾ ഉപയോഗിച്ചതിൽ അതിയായി ഖേദിക്കുന്നു. എന്റെ വാക്കുകൾ വേദനിപ്പിച്ചവരോട്‌ ക്ഷമാപണം നടത്തുന്നു. ബൈപോളാര്‍, വിഷാദം തുടങ്ങിയവയുള്ളവരെ നേരിട്ടറിയാം. അവരുടെ വികാരം മാനിക്കുന്നു. ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, വിലമതിക്കുന്നുമുണ്ട്'- ഖുശ്ബു വ്യക്തമാക്കി.

ഒക്ടോബര്‍ 12നാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. എന്താണ് രാജ്യത്തിന് നല്ലതെന്ന് 10 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ തനിക്ക് മനസ്സിലായെന്നും ഖുശ്ബു വ്യക്തമാക്കി.

2010ല്‍ ഡിഎംകെയിലൂടെയായിരുന്നു ഖുശ്ബുവിന്‍റെ രാഷ്ട്രീയ പ്രവേശനം. ജനങ്ങളെ സേവിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ബു ഡിഎംകെയിലെത്തിയത്. 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസിലെത്തി. വീട്ടിലെത്തിയ പോലെ തോന്നുന്നുവെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയൂ എന്നും ഖുശ്ബു അന്ന് പറഞ്ഞു.

അടുത്ത കാലത്ത് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി ഖുശ്ബു അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.