LiveTV

Live

National

ടി.ആർ.പി തട്ടിപ്പ്: വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് നിർത്തി ബാർക്ക്

പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ

ടി.ആർ.പി തട്ടിപ്പ്: വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് നിർത്തി ബാർക്ക്

വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ ബാർക്ക് തീരുമാനം. ടി.ആർ.പി തട്ടിപ്പ് വിവാദമായതിന് പിന്നാലെയാണ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവേക്കാന്‍ റേറ്റിങ് ഏജൻസിയുടെ തീരുമാനം.

റേറ്റിങ് പരിശോധനയുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിങ് പുനരാരംഭിക്കുമെന്ന് ബാർക്ക് അറിയിച്ചു. റേറ്റിംഗ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് മൂന്ന് മാസത്തേക്ക് ഇത് നിര്‍ത്തിവെക്കുന്നതെന്ന് ബാര്‍ക് വ്യക്തമാക്കി.

ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിംഗ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന് പിന്നാലെ പല വാർത്താ ചാനലുകളുടെയും റേറ്റിങ് വിശ്വസനീയമല്ലെന്ന് ആക്ഷേപം ശക്തമായി.

ഓരോ വാർത്താ ചാനലുകളുടെയും ആഴ്ച തോറുമുള്ള റേറ്റിങ് പ്രത്യേകം പ്രസിദ്ധീകരിക്കില്ല എന്നാണ് തീരുമാനം. ഇത് ഹിന്ദി, ഇംഗ്ളീഷ്, പ്രാദേശിക ഭാഷ വാർത്ത ചാനലുകൾക്ക് ഇത് ബാധകമാണ്. അതേസമയം ഒരു ഭാഷയിൽ വാർത്താ വിഭാഗത്തിൽ ആഴ്ച തോറുമുള്ള പ്രേക്ഷകർ എത്രയെന്ന വിവരം തുടർന്നും അറിയിക്കും. റേറ്റിങ് പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ബാർക്കിന്റെ ടെക്നിക്കൽ സമിതിക്ക് 8 മുതൽ 12 ആഴ്ച വരെ സമയം വേണമെന്നാണ് കണക്ക്.

അതേസമയം ടി.ആർ.പി തട്ടിപ്പ് കേസ് അന്വേഷണം ചോദ്യം ചെയ്തുള്ള റിപബ്ലിക് ടി.വി യുടെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.