LiveTV

Live

National

22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം: 15കാരിയെ രക്ഷപ്പെടുത്തി

ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ ഒളിവിലാണ്. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.

22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം: 15കാരിയെ രക്ഷപ്പെടുത്തി

രണ്ട് യുവാക്കള്‍ 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്ത 15കാരിയെ രക്ഷപ്പെടുത്തി. പൊലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ ഒളിവിലാണ്. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.

ജഗത്‌സിങ്പൂര്‍ ജില്ലക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അച്ഛന്റെ മര്‍ദനം താങ്ങാനാകാതെ സഹോദരിയുടെ വീട്ടിലെത്തിയത് മൂന്നാഴ്ച മുന്‍പാണ്. പ്രൊഫെസര്‍പാദയിലാണ് സഹോദരിയുടെ വീട്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയോട് തിരിച്ചുപോവണമെന്ന് സഹോദരീ ഭര്‍ത്താവ് ആവശ്യപ്പെട്ടു. സെപ്തംബര്‍ 20ന് തിരിച്ചു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പ്രതികളിലൊരാളായ സന്തോഷ് ബെഹ്റ പെണ്‍കുട്ടിയെ സമീപിച്ചത്.

സൌഹൃദം നടിച്ച്, വീട്ടിലെത്തിക്കാമെന്ന് സന്തോഷ് ബെഹ്റ പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ രാക എന്ന രണ്ടാം പ്രതിയുടെ ഫാംഹൌസിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെ മുറിയിലടച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി 22 ദിവസം ലൈംഗിക പീഡനം തുടര്‍ന്നു. രക്ഷപ്പെടാനോ സംഭവം പുറത്തുപറയാനോ ശ്രമിച്ചാല്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി.

ചൌലിഗഞ്ജ് പൊലീസ് പ്രദേശത്തെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് യാദൃച്ഛികമായി ഫാംഹൌസില്‍ റെയ്ഡ് നടത്തിയത്. ഒക്ടോബര്‍ 12നായിരുന്നു ഇത്. കുട്ടിയെ മോചിപ്പിച്ച് ചൈല്‍ഡ് ലൈന് കൈമാറി. കുട്ടി ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് ചികിത്സയും കൌണ്‍സിലിങും നല്‍കുന്നുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.