LiveTV

Live

National

പരസ്യചിത്രം പിന്‍വലിച്ചിട്ടും അക്രമത്തിന് കുറവില്ല: ഗുജറാത്തില്‍ തനിഷ്‍ക് സ്‌റ്റോറിന് നേരെ ആക്രമണം

സ്‌റ്റോറിന് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പുറമേ സ്റ്റോര്‍ മാനേജറില്‍ നിന്ന് അക്രമികള്‍ മാപ്പ് എഴുതി വാങ്ങുകയും ചെയ്തു

പരസ്യചിത്രം പിന്‍വലിച്ചിട്ടും അക്രമത്തിന് കുറവില്ല: ഗുജറാത്തില്‍ തനിഷ്‍ക് സ്‌റ്റോറിന് നേരെ ആക്രമണം

സംഘ് പരിവാർ അണികളുടെ സൈബറാക്രമണവും ബഹിഷ്കരണാഹ്വാനങ്ങളും ഉയര്‍ന്നതോടെ പരസ്യചിത്രം പിന്‍വലിച്ചെങ്കിലും തനിഷ്‌ക്കിന് നേരെ ഉയര്‍ന്ന ആക്രമണത്തിന് കുറവില്ല. തനിഷ്ക്കിന്‍റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ഇന്ന് ആക്രമണമുണ്ടായി. ഗുജറാത്തിലെ ഗാന്ധിദാമിലെ സ്‌റ്റോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഗാന്ധിദാമിലെ സ്‌റ്റോറിന് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പുറമേ സ്റ്റോര്‍ മാനേജറില്‍ നിന്ന് അക്രമികള്‍ മാപ്പ് എഴുതി വാങ്ങുകയും ചെയ്തു. പരസ്യം വഴി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പുപറയുന്നു- എന്നതാണ് മാനേജറിന്‍റെ മാപ്പപേക്ഷയിലെ ഉളളടക്കം.

പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്‍റെ പുതിയ പരസ്യം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുവെന്നുമൊക്കെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് തനിഷ്‌ക് ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ പരസ്യം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നു. തങ്ങളുടെ ഉത്സവ കളക്ഷനായ ഏകത്വയ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് ഒടുവില്‍ തനിഷ്ക് പിന്‍വലിച്ചത്.

 ഭീഷണി, ബഹിഷ്കരണാഹ്വാനം: ഹിന്ദു-മുസ്‍ലിം പരസ്യം പിന്‍വലിച്ച് തനിഷ്ക്
Also Read

ഭീഷണി, ബഹിഷ്കരണാഹ്വാനം: ഹിന്ദു-മുസ്‍ലിം പരസ്യം പിന്‍വലിച്ച് തനിഷ്ക്

ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്‍ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കുകയാണ് അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് 'ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ'യെന്നാണ് അമ്മായിഅമ്മയുടെ മറുപടി. സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. 'രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം' എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ കൊടുത്തിരുന്നത്.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പരസ്യത്തിന്‍റെ വിധി പക്ഷേ, സംഘ് പരിവാറിന്റെ വിദ്വേഷ പ്രചരണത്തോടെ മാറിമറിയുകയായിരുന്നു. തുടര്‍ന്നാണ് തനിഷ്‍ക് പരസ്യം പിന്‍വലിച്ചത്. എന്നാൽ, സംഘ് പരിവാറിന്‍റെ വിദ്വേഷ പ്രചരണങ്ങള്‍ക്കു വഴങ്ങി തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്നും അഭിപ്രായമുയര്‍ന്നിരുന്നു.

അക്രമണത്തെ തുടര്‍ന്ന് തനിഷ്‍കിന്‍റെ ഷോറൂമുകള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്