LiveTV

Live

National

അസമിലെ പൗരത്വ രജിസ്ട്രറില്‍ നിന്ന് 'അനർഹരുടെ' പേരുകൾ നീക്കം ചെയ്യണമെന്ന് അധികൃതർ

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികക്കെതിരേ കടുത്ത വിമര്‍ശനവുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു

അസമിലെ പൗരത്വ രജിസ്ട്രറില്‍ നിന്ന് 'അനർഹരുടെ' പേരുകൾ നീക്കം ചെയ്യണമെന്ന് അധികൃതർ

അസമിലെ ദേശീയ പൗരത്വ രജിസ്ട്രർ (എൻ.ആർ.സി) പട്ടികയിൽ നിന്ന് 'അനർഹരുടെ' പേരുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് അധികൃതർ. സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച എൻ.ആർ.സിയിൽ 3.3 കോടി അപേക്ഷകരിൽ 19 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു.

ഒക്ടോബർ 13 ന് എല്ലാ ജില്ല കലക്ടര്‍മാര്‍ക്കും എൻ.ആർ.സിയുടെ സ്റ്റേറ്റ് കോർഡിനേറ്റർ അയച്ച കത്തിൽ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങളുണ്ട്. “യോഗ്യതയില്ലാത്ത വ്യക്തികളുടെ ചില പേരുകൾ എൻ.ആർ.സിയിൽ ഇടം പിടിച്ചു,” എന്ന് കത്തിൽ പറയുന്നു. ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ (ഡി.എഫ്) വിദേശികളായി പ്രഖ്യാപിച്ച വ്യക്തികൾ, സംശയാസ്പദ വോട്ടർമാർമാർ (ഡിവി) ആയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയവർ, അല്ലെങ്കിൽ ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലെ (പി‌.എഫ്‌.ടി) കേസുകൾ തീർപ്പുകൽപ്പിക്കാത്ത വ്യക്തികളും അവരുടെ പിൻഗാമികളും എന്നിവരാണ് ഇത്തരത്തിൽ “യോഗ്യതയില്ലാത്ത വ്യക്തികൾ” എന്നും കത്തിൽ വിശദീകരിക്കുന്നു.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികക്കെതിരേ കടുത്ത വിമര്‍ശനവുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ''അസമിലെ ജനങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒരു പട്ടികയല്ല പുറത്തുവന്നിരിക്കുന്നത്. അസം ജനതയുടെ അഭിമാനത്തെ മനസ്സില്‍ വച്ചുകൊണ്ട് ഞാന്‍ പൗരത്വ പട്ടിക തള്ളിക്കളയുന്നു. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ സുപ്രിംകോടതിയെ സമീപിക്കുന്നുണ്ട്. വികലമായ ഒരു എൻ.ആർ.സി സര്‍ക്കാരിന് അസ്വീകാര്യമാണ്- സോണോവാള്‍ പറഞ്ഞു.

പട്ടിക പുറത്തുവന്നതിനു ശേഷം നിരവധി പാര്‍ട്ടികളും പ്രമുഖരും അതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വിദേശികളെ അനധികൃതമായി ഉള്‍പ്പെടുത്തിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നാണ് ആരോണം. ആള്‍ ഇന്ത്യ അസം സ്റ്റുഡന്റ്‌സ് യൂണിയനും ഇതേ നിലപാടിലാണ്. പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ പട്ടിക അംഗീകരിക്കില്ലെന്നാണ് സംഘടനയുടെയും തീരുമാനം.