LiveTV

Live

National

കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല: മൂന്നാഴ്ച പ്രായമുള്ള കുഞ്ഞുമായി സബ് കലക്ടര്‍ ജോലിക്കെത്തി

പ്രസവം കഴിഞ്ഞ് മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനെയുമായി ജോലിക്കെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥ സൗമ്യ പാണ്ഡെ.

കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല: മൂന്നാഴ്ച പ്രായമുള്ള കുഞ്ഞുമായി സബ് കലക്ടര്‍ ജോലിക്കെത്തി

രാജ്യമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മാസങ്ങളായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലാണുള്ളത്. ഇപ്പോഴിതാ പ്രസവം കഴിഞ്ഞ് മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനെയുമായി ജോലിക്കെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥ.

ഡോ. പ്രശാന്ത് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് കൈക്കുഞ്ഞുമായി ജോലിക്കെത്തിയ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്തുവന്നത്. തുടര്‍ന്ന് ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് ഈ വീഡിയോയിലെ താരം. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ. പ്രസവം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് സൌമ്യ ജോലിക്കെത്തിയിരിക്കുന്നത്.

''കോറോണ വൈറസ് വ്യാപനത്തിന് ശേഷം ഉത്തരവാദിത്വങ്ങള്‍ കൂടി.. ഒരു കുഞ്ഞിന് ജന്മം നല്‍കാനും പരിപാലിക്കാനും കൂടിയുള്ള കരുത്ത് ദൈവം സ്ത്രീകള്‍ക്ക് കൂടുതല്‍ നല്‍കുന്നുണ്ട്. ഗ്രാമങ്ങളിലുള്ള മിക്ക സ്ത്രീകളും അവരുടെ പ്രസവത്തിന്‍റെ തൊട്ടുമുമ്പുള്ള നിമിഷം വരെ ജോലിചെയ്യുന്നവരാണ്. പ്രസവം കഴിഞ്ഞ ശേഷവും അവര്‍ ചെയ്തുകൊണ്ടിരുന്ന ജോലി അവര്‍ തുടരുന്നു.''- സൌമ്യ പറയുന്നു.

''മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞിനെ നോക്കിക്കൊണ്ടുതന്നെ എനിക്ക് എന്‍റെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നു. കുടുംബം എനിക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ പിന്തുണയുമായി കൂടെയുണ്ട്. ഗര്‍ഭിണിയായതുമുതല്‍ തന്നെ സഹപ്രവര്‍ത്തകരും മറ്റും തരുന്ന പിന്തുണ ഇപ്പോഴും അവരെനിക്ക് തരുന്നുമുണ്ട്.'' സൌമ്യ പാണ്ഡേ കൂട്ടിച്ചേര്‍ത്തു.

സൌമ്യക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ, മഹാവ്യാധിയുടെ സമയത്ത് കുഞ്ഞിനെയും എടുത്ത് ജോലിക്കെത്തുന്നതിലുള്ള വിമര്‍ശവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.