LiveTV

Live

National

ഭീഷണി, ബഹിഷ്കരണാഹ്വാനം: ഹിന്ദു-മുസ്‍ലിം പരസ്യം പിന്‍വലിച്ച് തനിഷ്ക്

ഹിന്ദുവായ മരുമകളും മുസ്ലിമായ അമ്മായിയമ്മയും തമ്മിലുള്ള സ്നേഹ ബന്ധത്തെക്കുറിച്ചായിരുന്നു പരസ്യം ദൃശ്യവത്ക്കരിച്ചത്

 ഭീഷണി, ബഹിഷ്കരണാഹ്വാനം: ഹിന്ദു-മുസ്‍ലിം പരസ്യം പിന്‍വലിച്ച് തനിഷ്ക്

സംഘ് പരിവാർ അണികളുടെ സൈബറാക്രമണവും ബഹിഷ്കരണാഹ്വാനങ്ങളും ശക്തമായതോടെ പരസ്യ വീഡിയോ പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ തനിഷ്ക്. ഹിന്ദുവായ മരുമകളും മുസ്ലിമായ അമ്മായിയമ്മയും തമ്മിലുള്ള സ്നേഹ ബന്ധത്തെക്കുറിച്ചുള്ള പരസ്യമാണ് വിദ്വേഷ പ്രചരണത്തെ തുടർന്ന് ടൈറ്റാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്കിന് പിന്‍വലിക്കേണ്ടി വന്നത്. പരസ്യം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ചാണ് സംഘ് പരിവാർ സമൂഹമാധ്യമങ്ങളില്‍ തനിഷ്കിനെതിരെ പ്രചരണം അഴിച്ചുവിട്ടത്.

ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ നടത്തുന്ന അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് 'ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ'യെന്ന അമ്മായിഅമ്മയുടെ മറുപടി. സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. 'രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം' എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ കൊടുത്തിരുന്നത്.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പരസ്യത്തിന്റെ വിധി സംഘ് പരിവാറിന്റെ വിദ്വേഷ പ്രചരണത്തോടെ മാറിമറിഞ്ഞു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമാണ് തീവ്ര വലതുപക്ഷ ഉപയോക്താക്കള്‍ സമൂഹമാധ്യങ്ങളില്‍ ആരോപിച്ചത്. "തനിഷ്കിനെ ബഹിഷ്കരിക്കുക' (#BoycottTanishq) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി. വാട്ട്സാപ്പ് അടക്കമുള്ള മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലും ദുഷ്പ്രചരണം വ്യാപകമായി. തനിഷ്കിന്റെ പ്രമോട്ടർമാരായ ടാറ്റ ഗ്രൂപ്പിനെതിരെയും സൈബറാക്രമണമുണ്ടായി. ഇതേതുടർന്നാണ് ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് പരസ്യം അപ്രത്യക്ഷമായത്.

എന്നാൽ, സംഘ് പരിവാരത്തിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കു വഴങ്ങി തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്നും അഭിപ്രായമുയരുന്നുണ്ട്.

“ഹിന്ദു-മുസ്‌ലിം ഏകത്വം ”അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ ലോകത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ അടയാളമായ ഇന്ത്യയെ ബഹിഷ്കരിക്കാത്തത്? കോൺഗ്രസ് എം.പി ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.