LiveTV

Live

National

ധോണിയുടെ മകളെ ഉപദ്രവിക്കുമെന്ന ഭീഷണി: ഗുജറാത്തില്‍ 16കാരന്‍ പിടിയില്‍

ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് വിദ്യാര്‍ഥി ഭീഷണി സന്ദേശമിട്ടത്

ധോണിയുടെ മകളെ ഉപദ്രവിക്കുമെന്ന ഭീഷണി: ഗുജറാത്തില്‍ 16കാരന്‍ പിടിയില്‍

ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ എം എസ് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 16കാരന്‍ പിടിയില്‍. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയാണ് പിടിയിലായത്. ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ താന്‍ ഭീഷണി സന്ദേശമിട്ടിരുന്നുവെന്ന് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

ധോണിയുടെ മകള്‍ക്കെതിരായ ഭീഷണി സംബന്ധിച്ച് റാഞ്ചി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഭീഷണി കമന്‍റിട്ട വിദ്യാര്‍ഥിയെ കുറിച്ച് അന്വേഷിക്കാന്‍ റാഞ്ചി പൊലീസാണ് ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥി പിടിയിലായി. വിദ്യാര്‍ഥിയെ റാഞ്ചി പൊലീസിന് കൈമാറുമെന്ന് കച്ച് എസ്പി സുരഭ് സിങ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റത്തിന് പിന്നാലെയാണ് ധോണിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ കൊച്ചുകുഞ്ഞിനെ പോലും വെറുതെ വിടാതെ, എല്ലാ പരിധിയും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

അതിരുവിട്ട ഈ സൈബര്‍ ആക്രമണത്തെ മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാൻ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചു-

‘എല്ലാ കളിക്കാരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് നോക്കുന്നത്. ചില ദിവസങ്ങളിൽ അത് നടന്നില്ലെന്ന് വരാം. അതിന്റെ പേരിൽ ഒരു കൊച്ചു കുഞ്ഞിനെ ഭീഷണിപ്പെടുത്താൻ ആർക്കും അധികാരമില്ല’- എന്നാണ് പഠാന്‍ ട്വീറ്റ് ചെയ്തത്.

ഏഴ് മത്സരങ്ങളില്‍ അഞ്ചും ചെന്നൈ സൂപ്പര്‍ കിങ്സ് തോറ്റതോടെ മറ്റ് താരങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണമുണ്ട്.