LiveTV

Live

National

ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി

മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്ന് ഖുശ്ബു

ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി

കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. എന്താണ് രാജ്യത്തിന് നല്ലതെന്ന് 10 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ തനിക്ക് മനസ്സിലായെന്നും ഖുശ്ബു വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഖുശ്ബുവിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച് അഭ്യൂഹം വന്നപ്പോള്‍ അവര്‍ അക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു ഖുശ്ബുവിന്‍റെ മറുപടി. കഴിഞ്ഞ ദിവസത്തെ ഖുശ്ബുവിന്‍റെ ട്വീറ്റും പാര്‍ട്ടി വിടുകയാണെന്ന സൂചന നല്‍കിയിരുന്നു- 'പലരും എന്നില്‍ മാറ്റം കാണുന്നു. പ്രായമാകുന്തോറും നമ്മള്‍ വളരും. പലതും പഠിക്കും. ധാരണകള്‍ മാറും. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം കൈവരും. ശരിയും തെറ്റും മനസ്സിലാവും. മാറ്റം അനിവാര്യമാണ്'.

2010ല്‍ ഡിഎംകെയിലൂടെയായിരുന്നു ഖുശ്ബുവിന്‍റെ രാഷ്ട്രീയ പ്രവേശനം. ജനങ്ങളെ സേവിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ബു ഡിഎംകെയിലെത്തിയത്. 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസിലെത്തി. വീട്ടിലെത്തിയ പോലെ തോന്നുന്നുവെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയൂ എന്നും ഖുശ്ബു അന്ന് പറഞ്ഞു.

അടുത്ത കാലത്ത് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി ഖുശ്ബു അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.