LiveTV

Live

National

കുഞ്ഞാലിക്കുട്ടിക്ക് അക്കമിട്ട മറുപടിയുമായി ബിഹാർ ലീഗ് നേതൃത്വം; 'തല്ലു കൊള്ളാതിരിക്കാൻ ഉപദേശം നൽകണം'

"സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും ലക്ഷങ്ങള്‍ ചെലവാക്കി പ്രവർത്തനം നടത്തി; നിരാശരായ അവർ ഞങ്ങളെ തല്ലാനിടയുണ്ട്. രക്ഷപ്പെടാന്‍ വഴി പറഞ്ഞുതരണം..." - ലീഗ് ബിഹാർ നേതൃത്വം കുഞ്ഞാലിക്കുട്ടിയോട്

കുഞ്ഞാലിക്കുട്ടിക്ക് അക്കമിട്ട മറുപടിയുമായി ബിഹാർ ലീഗ് നേതൃത്വം; 'തല്ലു കൊള്ളാതിരിക്കാൻ ഉപദേശം നൽകണം'

എസ്.ഡി.പി.ഐ ഉൾപ്പെട്ട 'പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക്' മുന്നണിയിൽ നിന്ന് പിന്മാറണമെന്നും അസംബ്ലി തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി-കോൺഗ്രസ് മുന്നണിക്ക് പിന്തുണ നൽകണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അയച്ച കത്തിന് അക്കമിട്ട മറുപടിയുമായി പാർട്ടി ബിഹാർ സംസ്ഥാന നേതൃത്വം. നിർദേശപ്രകാരം മുന്നണിയിൽ നിന്ന് പിന്മാറിയെന്നും എന്നാൽ, സംസ്ഥാനത്തെ അണികൾക്കിടയിൽ സംജാതമായ അനിശ്ചിതാവസ്ഥക്ക് കേന്ദ്ര നേതൃത്വം തന്നെ പരിഹാരം നിശ്ചയിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് എസ്. നയീം അഖ്തർ അയച്ച മറുപടിക്കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലക്ഷങ്ങൾ ചെലവിട്ട് പ്രവർത്തനം നടത്തുന്നവർ പട്‌നയിലെത്തി തങ്ങളെ കൈകാര്യം ചെയ്‌തേക്കുമെന്ന ആശങ്കയും അഖ്തർ കത്തിൽ പങ്കുവെക്കുന്നു.

2018-ൽ ബിഹാർ സന്ദർശിച്ച ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ലീഗ് ഉന്നത നേതൃത്വത്തിന് സ്വീകരണമൊരുക്കിയ പാർട്ടി കിഷൻഗഞ്ച് ജില്ലാ പ്രസിഡണ്ടും അണികളും എസ്.ഡി.പി.ഐയിൽ ചേരാന്‍ പോകുന്നതായി വിവരമുണ്ടെന്നും കത്തിലുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർഹെഡ്ഡിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് വെച്ചെഴുതിയ കത്തിന്റെ പകർപ്പ് ദേശീയ പ്രസിഡണ്ട് കെ.എം ഖാദർ മൊയ്തീൻ, ഇ.ടി മുഹമ്മദ് ബഷീർ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർക്കും അയച്ചിട്ടുണ്ട്.

നയീം അഖ്തർ പപ്പു യാദവിനൊപ്പം
നയീം അഖ്തർ പപ്പു യാദവിനൊപ്പം

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖർ ആസാദ് രാവണിന്റെ ആസാദ് സമാജ് പാർട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ ആഘഡി (വി.ബി.എ) എസ്.ഡി.പി.ഐ എന്നിവർ ചേർന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയൻസിൽ ചേരാൻ മുസ്ലിം ലീഗ് ബിഹാർ സംസ്ഥാന നേതൃത്വം തീരുമാനിച്ചതാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യത്തോട് ദേശീയ നേതൃത്വം പ്രതികരിക്കാതിരുന്നതോടെയാണ് നയീം അഖ്തറിന്റെ നേതൃത്വത്തിലുള്ള ബിഹാർ ഘടകം എസ്.ഡി.പി.ഐ ഉൾപ്പെട്ട മുന്നണിയിൽ ചേരാൻ തീരുമാനിച്ചത്. സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ദലിത്, പിന്നാക്ക, മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രൂപീകൃതമായ മുന്നണി ചില സീറ്റുകളിൽ മത്സരിക്കാൻ ലീഗിന് അവസരം നൽകുമെന്ന സൂചനയുണ്ടായിരുന്നു.

തീരുമാനം പരസ്യമായതിനുപിന്നാലെ, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് - ആർ.ജെ.ഡി മുന്നണിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. 'ബിഹാറിൽ മതേതര ജനാധിപത്യ സർക്കാറിനെ കൊണ്ടുവരിക എന്നതാണ് പ്രധാനപ്പെട്ട വിഷയം. കോൺഗ്രസ്-ആർ.ജെ.ഡി മഹാസഖ്യത്തിനു പിന്നിൽ മുസ്ലിം ലീഗ് അണിനിരക്കണമെന്നാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. വോട്ടുകളും ഊർജവും പാഴായിപ്പോകുന്നതിനു പകരം വോട്ടുകൾ ഏകോപിപ്പിക്കാൻ ഇത് സഹായകമാവും. കോൺഗ്രസ്, ആർ.ജെ.ഡി നേതൃത്വവുമായി സംസാരിച്ച ലീഗ് നേതൃത്വം നിരുപാധിക പിന്തുണ അറിയിച്ചിട്ടുണ്ട്.' - ഒക്ടോബർ ഒമ്പതിന് കുഞ്ഞാലിക്കുട്ടി നയീം അഖ്തറിന് അയച്ച കത്തിൽ പറയുന്നു. സഖ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാനത്തെ നേതാക്കളോട് ടെലിഫോണിലൂടെ അറിയിച്ചതായും വിവരമുണ്ട്.

മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം നയീം അഖ്തർ
മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം നയീം അഖ്തർ

ഇതിനു മറുപടിയായി ആറ് കാര്യങ്ങൾ അക്കമിട്ടു പറഞ്ഞുകൊണ്ടുള്ള കത്താണ് നയീം അഖ്തർ കുഞ്ഞാലിക്കുട്ടിക്ക് അയച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നാലെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്നുവെന്നും അതിനുശേഷം പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചെന്നും വ്യക്തമാക്കിയാണ് കത്ത് തുടങ്ങുന്നത്.

നയീം അഖ്തറിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ

'1. അങ്ങയുടെ ഉപേദശപ്രകാരം, എസ്.ഡി.പി.ഐയോടുള്ള എതിർപ്പിനെ തുടർന്ന് പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് സഖ്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2. ബിഹാറിലെ മുസ്ലിം ലീഗിനെ രക്ഷിക്കാനും പാർട്ടിക്കുവേണ്ടി ആത്മാർപ്പണം ചെയ്ത പ്രവർത്തകരെ മാനിക്കാനും വേണ്ടി, ചില സീറ്റുകളിൽ മത്സരിക്കാൻ ഞങ്ങൾക്ക് അനുവാദം നൽകണം.

കുഞ്ഞാലിക്കുട്ടിക്ക് അക്കമിട്ട മറുപടിയുമായി ബിഹാർ ലീഗ് നേതൃത്വം; 'തല്ലു കൊള്ളാതിരിക്കാൻ ഉപദേശം നൽകണം'

3. അങ്ങയുടെ നിർദേശപ്രകാരം കോൺഗ്രസും ആർ.ജെ.ഡിയുമടങ്ങുന്ന മഹാസഖ്യത്തെ പിന്തുണക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മത്സരിക്കാൻ അനുവദിക്കുന്ന സീറ്റുകൾ ഒഴികെയുള്ള എല്ലാ സീറ്റിലും സഖ്യത്തിന് പിന്തുണ നൽകാം.

4. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ പാർട്ടി അണികൾ നിരാശരാണ്. പലരും മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയാണ്. ബിഹാറിലെ പാർട്ടിയെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ദേശീയ നേതൃത്വം കൈക്കൊള്ളണം.

5. 2018-ൽ ഇ.ടി മുഹമ്മദ് ബഷീർ, തങ്ങൾ, ബാവ ഹാജി, സി.കെ സുബൈർ തുടങ്ങിയ ഉന്നത നേതാക്കൾക്ക് സ്വീകരണമൊരുക്കിയ പാർട്ടിയുടെ കിഷൻഗഞ്ച് ജില്ലാ പ്രസിഡണ്ടും അണികളും എസ്.ഡി.പി.ഐയിൽ ചേരാനൊരുങ്ങുന്നതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമുണ്ട്. കിഷൻഗഞ്ചിൽ എസ്.ഡി.പി.ഐ അദ്ദേഹത്തിന് ടിക്കറ്റ് നൽകാൻ വലിയ സാധ്യതയുണ്ട്. കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ലീഗിനെതിരെ പ്രവർത്തിക്കാനും ഇടയുണ്ട്.

6. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി അടിത്തട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച് പ്രവർത്തിച്ചു വരുന്നവരുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത ദുർഘടാവസ്ഥയാണ് ഇപ്പോഴുള്ളത്. ചെലവായ പണം അവർ തീർച്ചയായും ഞങ്ങളോട് ചോദിക്കും. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് ഉപദേശം നൽകുക. അവർ പട്‌നയിലെത്തി ഞങ്ങളെ കൈകാര്യം ചെയ്‌തേക്കുമോ എന്ന ഭയമുണ്ട്.'
ബിഹാറിലെ ലീഗ് നേതാക്കൾ പത്രസമ്മേളനം നടത്തുന്നു
ബിഹാറിലെ ലീഗ് നേതാക്കൾ പത്രസമ്മേളനം നടത്തുന്നു

മുസ്ലിം ലീഗ് ബിഹാർ ഘടകം തുടക്കംമുതൽക്കേ അവഗണനയാണ് നേരിടുന്നതെന്നും ഭാവിയെപ്പറ്റി പ്രതീക്ഷ നശിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കിയാണ് നയീം അഖ്തർ കത്ത് അവസാനിപ്പിക്കുന്നത്.

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍
Also Read

ബിഹാറിൽ മൂന്നാം മുന്നണികളുടെ ബഹളം; ലീഗും എസ്.ഡി.പി.ഐയും ഒരു കുടക്കീഴില്‍