LiveTV

Live

National

ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം, ഇല്ലെങ്കില്‍ ഭരണത്തുടര്‍ച്ച നഷ്ടമാകും: ബിജെപി എംഎല്‍എമാര്‍

ഇങ്ങനെ പോയാല്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ തിരിച്ചുവരുമെന്ന് ബിജെപി എംഎല്‍എമാര്‍

ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം, ഇല്ലെങ്കില്‍ ഭരണത്തുടര്‍ച്ച നഷ്ടമാകും: ബിജെപി എംഎല്‍എമാര്‍

ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ. ഏഴ് എംഎൽഎമാരാണ് പരാതിയുമായി ഡൽഹിയിലെത്തിയത്. ബിപ്ലബിന്‍റേത് ഏകാധിപത്യ ശൈലിയാണെന്നും വേണ്ടത്ര ഭരണ പരിചയമില്ലെന്നും ജനപ്രീതിയില്ലെന്നുമാണ് എംഎൽഎമാരുടെ വിമർശനം.

സുധിപ് റോയ് ബർമന്‍റെ നേതൃത്വത്തിലാണ് ബിജെപി എംഎൽഎമാർ ദേശീയ നേതൃത്വത്തെ കാണാനെത്തിയത്. സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബർബ് മോഹൻ, പരിമൾ ദേബ്, റാം പ്രസാദ് എന്നിവരാണ് ഡൽഹിയിലെത്തിയ മറ്റ് ബിജെപി എംഎൽഎമാരെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിരേന്ദ്ര കിഷോർ, ബിപ്ലബ് ഘോഷ് എന്നീ രണ്ട് എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്ക് ഉണ്ടെന്നും കോവിഡ് ബാധിച്ചതിനാലാണ് അവർ വരാതിരുന്നതെന്നും വിമത എംഎൽഎമാർ അവകാശപ്പെടുന്നു.

അമിത് ഷാ, ജെ പി നദ്ദ എന്നീ നേതാക്കളെ കണ്ട് ത്രിപുരയിലെ അവസ്ഥ ധരിപ്പിക്കുമെന്ന് എംഎൽഎമാർ അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനും ഇവർ ആലോചിക്കുന്നുണ്ട്. ത്രിപുരയിൽ ബിജെപിക്ക് ഭരണത്തുടർച്ച വേണമെങ്കിൽ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എംഎൽഎമാർ പറയുന്നത്. എംഎല്‍എമാരെ വിശ്വാസത്തിലെടുക്കാതെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണ്. റിക്ഷ തൊഴിലാളികള്‍ മുതല്‍ വ്യവസായികള്‍ വരെ മുഖ്യമന്ത്രിയുടെ ഭരണത്തിൽ അതൃപ്തരാണെന്നും എംഎൽഎമാർ പറയുന്നു.

എന്നാൽ ത്രിപുരയിലെ സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർ വിചാരിച്ചാൽ സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡൻറ് മണിക് സാഹ പ്രതികരിച്ചു. തന്നോട് സർക്കാരിനെതിരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിപ്ലബ് ദേബിൽ പ്രധാനമന്ത്രിക്ക് വിശ്വാസമുള്ള കാലത്തോളം ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാവില്ലെന്നാണ് സംസ്ഥാന നേതൃത്വം വിമത എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയത്.

2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയവരാണ് ബര്‍മനും ചൌധരിയും. ബിജെപിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ചതിനാലാണ് മന്ത്രി സ്ഥാനത്ത് നിന്ന് ബര്‍മനെ മാറ്റിയതെന്നാണ് ബിപ്ലബ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ പോയാല്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. ബിജെപി നേതൃത്വം സര്‍വെ നടത്തിയാല്‍ 100ല്‍ 98 പേരും ബിപ്ലബിന് എതിരായിരിക്കുമെന്നും ഇവര്‍ പറയുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരോഗ്യമന്ത്രി ഇല്ല എന്ന പ്രശ്നവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.