റിപബ്ലിക്ക് ടി.വി ഉള്‍പ്പെട്ട വ്യാജ ടി.ആര്.പി തട്ടിപ്പ് കേസ് ശശി തരൂര്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും
ടി.ആര്.പി റേറ്റിങിലെ തട്ടിപ്പ് ഗൌരവകരമാണെന്നും വിഷയം പാനല്‍ വിശദമായി തന്നെ പരിശോധിക്കുമെന്നും അറിയിച്ചു

റിപബ്ലിക്ക് ടി.വി ഉള്‍പ്പടെ രണ്ട് ചാനലുകള്‍ക്കെതിരായ വ്യാജ ടി.ആര്.പി തട്ടിപ്പ് കേസ് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി കാര്യ സമിതി പരിശോധിക്കും. ടൈംസ് നൌ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസ് എം.പിയും പാനല്‍ അംഗവുമായ കാര്‍ത്തി ചിദംബരം ഇക്കാര്യം ശശി തരൂരിനോട് ആവശ്യപ്പെട്ടതായും ഐ.ടി മന്ത്രാലയ അധികൃതരോട് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടതായും ടൈംസ് നൌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടി.ആര്.പി റേറ്റിങിലെ തട്ടിപ്പ് ഗൌരവകരമാണെന്നും വിഷയം പാനല്‍ വിശദമായി തന്നെ പരിശോധിക്കുമെന്നും അറിയിച്ചു. സര്‍ക്കാരിന്റെ പരസ്യ ചെലവ് ടി.ആര്.പിയെ അധികരിച്ചാണെന്നും പൊതുപണം ചെലവഴിക്കുന്നത് ഒരിക്കലും ഒരു വ്യാജ ഡാറ്റയെ ചുറ്റിപറ്റിയാകരുതെന്നും കാര്‍ത്തി പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം വിശദമാക്കി കാര്‍ത്തി ചിദംബരം ശശി തരൂരിന് കത്തയച്ചിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്.പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസും പാര്‍ലെയും പ്രഖ്യാപിച്ചിരുന്നു.
ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.