LiveTV

Live

National

ഹാഥ്റസില്‍ പൊലീസിനെതിരെയും അന്വേഷണം വേണം: ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി

പൊലീസിന് നിയമം ലംഘിക്കാന്‍ അവകാശമില്ലെന്ന് യു.പി മുന്‍ ഡിജിപി

ഹാഥ്റസില്‍ പൊലീസിനെതിരെയും അന്വേഷണം വേണം: ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി

ഹാഥ്റസില്‍ ഭരണത്തിലുള്ളവരുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ഉത്തര്‍പ്രദേശിലെ മുന്‍ ഡിജിപി ജാവേദ് അഹമ്മദ്. പൊലീസിന് നിയമം ലംഘിക്കാന്‍ അവകാശമില്ല. ഹാഥ്റസിലെ പൊലീസ് ഇടപെടലില്‍ അന്വേഷണം വേണമെന്നും മുന്‍ ഡിജിപി ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഹാഥ്റസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ഇടപെട്ട് സംസ്കരിച്ച സംഭവത്തോടെയാണ് മുന്‍ഡിജിപി ഇങ്ങനെ പ്രതികരിച്ചത്. ഇതിന് മുന്‍പും പൊലീസ് മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചിട്ടുണ്ട്. പക്ഷേ നിയമവിധേയമായാണ് ചെയ്തത്. ഇവിടെ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് സംസ്കരിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണെങ്കില്‍ പൊലീസ് നടപടി തെറ്റാണെന്നും മുന്‍ ഡിജിപി പറഞ്ഞു.

ദലിതരും താക്കൂറുകളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാകാം രാത്രിയില്‍ സംസ്കാരം നടത്തിയത്. പക്ഷേ കുടുംബത്തെ ബന്ദിയാക്കി അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. കുടുംബത്തെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിയണമായിരുന്നു. മൃതദേഹത്തോട് മാന്യത കാണിക്കണമായിരുന്നുവെന്നും ജാവേദ് അഹമ്മദ് പറഞ്ഞു.

യു.പി പൊലീസ് സംഭവിച്ച തെറ്റ് തിരിച്ചറിയണം. ചെയ്തത് ശരിയാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഇതിലുള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കെതിരെയും വകുപ്പ് തല അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കണം. പൊലീസ് ചെയ്തത് ശരിയെന്ന ഭാഷ്യം കണ്ണടച്ച് വിശ്വസിക്കാതെ ഫോട്ടോകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളതും കേള്‍ക്കണമെന്ന് മുന്‍ ഡിജിപി പറഞ്ഞു.

സെപ്തംബര്‍ 14നാണ് 19കാരിയായ ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത്. അവളുടെ നാവ് മുറിച്ചുമാറ്റി. നട്ടെല്ല് തകര്‍ന്ന് ഗുരുതര പരിക്കുകളോടെ മരണത്തോട് മല്ലടിച്ച ആ പെണ്‍കുട്ടി സെപ്തംബര്‍ 30ന് മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബത്തിന് വിട്ടുനല്‍കാതെ യു.പി പൊലീസ് കത്തിച്ചുകളഞ്ഞതും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയവരെ യു.പി പൊലീസ് കയ്യേറ്റം ചെയ്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.