LiveTV

Live

National

തീവ്രവാദി പരാമര്‍ശം; കങ്കണക്കെതിരെ കേസെടുക്കണമെന്ന് കോടതി

കങ്കണയുടെ വിവാദ ട്വീറ്റിലാണ് കോടതി നടപടി

തീവ്രവാദി പരാമര്‍ശം; കങ്കണക്കെതിരെ കേസെടുക്കണമെന്ന് കോടതി

പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതി ഉത്തരവിട്ടു. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന കങ്കണയുടെ വിവാദ ട്വീറ്റിലാണ് കോടതി നടപടി. തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

അഭിഭാഷകനായ എല്‍. രമേഷ് നായിക് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെകര്‍ക്കാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

"പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്. അവര്‍ തീവ്രവാദികളാണ്"- സെപ്തംബര്‍ 21ലെ കങ്കണയുടെ ഈ ട്വീറ്റിനെതിരെയായിരുന്നു പരാതി.

വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ കര്‍ഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തത് ഏറെ ദുഖകരമാണെന്നും രാജ്യത്ത് കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ഈ ട്വീറ്റിലൂടെ കങ്കണ നടത്തിയതെന്നും അഭിഭാഷകന്‍ പരാതിയില്‍ വിശദീകരിച്ചു. പൊലീസോ സര്‍ക്കാരോ കങ്കണക്കെതിരെ നടപടിയെടുത്തില്ല. ഈ വാദം പരിഗണിച്ചാണ് കങ്കണക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

ബിജെപി അനുകൂല നിലപാടുകളെടുക്കുന്ന കങ്കണ വിവാദ പരാമര്‍ശങ്ങളിലൂടെ അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിന് പിന്നാലെ കങ്കണ പറഞ്ഞത് ബോളിവുഡിലെ സ്വജനപക്ഷപാതമാണ് നടനെ ഇല്ലാതാക്കിയത് എന്നാണ്. പിന്നാലെ മുംബൈ പൊലീസ്, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ചായി നടിയുടെ നീക്കങ്ങള്‍. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് താരതമ്യം ചെയ്തു കങ്കണ. പിന്നാലെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അനധികൃത നിര്‍മാണത്തിന്‍റെ പേരില്‍ കങ്കണയുടെ ഓഫിസിന്റെ ഒരു ഭാഗം പൊളിച്ചു. 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിച്ചു. പരാതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.