LiveTV

Live

National

വിയോജിപ്പുകളെ എന്തിനിങ്ങനെ നിശബ്‍ദമാക്കുന്നു? സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഹേമന്ത് സോറന്‍

വിയോജിപ്പുകളെ എന്തിനിങ്ങനെ നിശബ്‍ദമാക്കുന്നു? സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. വിയോജിപ്പിന്‍റേതായ ശബ്ദങ്ങളെ നിശബ്ദമാക്കുമെന്ന് എന്തിനിങ്ങനെ നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

83 വയസ്സുള്ള സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ആദിവാസികള്‍ക്കുമായി ശബ്ദമുയര്‍ത്തിയ വ്യക്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്? എന്തിനിങ്ങനെ വിയോജിപ്പുകളെ നിശബ്ദമാക്കുമെന്ന് നിര്‍ബന്ധം പിടിക്കുന്നു എന്നാണ് ഹേമന്ത് സോറന്‍റെ പ്രതികരണം.

ഭിമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടിലത്തിയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സ്റ്റാന്‍ സ്വാമിയെ ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇതിന് മുന്‍പ് 15 മണിക്കൂറോളം തന്നെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു- "എന്‍ഐഎ എന്‍രെ പിന്നാലെയുണ്ട്. മുംബൈയിലെ എന്‍ഐഎ ഓഫീസിലെത്താന്‍ എന്നോട് പറഞ്ഞു. ഞാന്‍ വിസമ്മതിച്ചു. 83കാരനായ എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. മാത്രമല്ല കോവിഡ് വ്യാപനത്തിന്‍റെ സമയവും. ഞാന്‍ ജീവിതത്തിലൊരിക്കലും ഭിമ കൊറേഗാവില്‍ പോയിട്ടില്ല"- സ്റ്റാന്‍ സ്വാമി ഒക്ടോബര്‍ 6ന് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് സ്റ്റാന്‍ സ്വാമി.

ചരിത്രകാരന്‍ രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ചു- "ജീവിതം മുഴുവന്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവ്. അതുകൊണ്ടുതന്നെയാണ് മോദി വാഴ്ചക്കാലത്ത് അദ്ദേഹം അറസ്റ്റിലായത്. അവരെ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനുമാണ് ശ്രമം. ആദിവാസികളുടെ ജീവനും ജീവിതവുമല്ല ഖനന കമ്പനികളുടെ ലാഭമാണ് മോദി സര്‍ക്കാരിന് പ്രധാനം".

ഭിമ കൊറേഗാവ് കേസില്‍ 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദലിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലഖ്, ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെയെല്ലാം അറസ്റ്റിലായവരാണ്. അറസ്റ്റിലായവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. മാവോ ബന്ധം ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.

2018 ജനുവരിയിലാണ് പുനെക്ക് സമീപം ഭിമ കൊറേഗാവില്‍ മറാത്ത വിഭാഗക്കാരും ദലിതരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഈ രണ്ട് വര്‍ഷത്തിനിടയില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി ആക്റ്റിവിസ്റ്റുകളെയും അക്കാദമിസ്റ്റുകളെയും അര്‍ബന്‍ നക്സലുകളെന്ന് ആരോപിച്ച് എന്‍ഐഎ ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.