LiveTV

Live

National

ജാതിവിവേചനം: ദലിത് പ്രസിഡന്‍റിനെ തറയിലിരുത്തി പഞ്ചായത്തില്‍ യോഗം

ദലിത് പഞ്ചായത്ത് പ്രഡിസന്‍റ് നിലത്തിരുന്നാല്‍ മതിയെന്നാണ് മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്‍റിന്‍റെയും മറ്റ് അംഗങ്ങളുടെയും കല്‍പന.

ജാതിവിവേചനം: ദലിത് പ്രസിഡന്‍റിനെ തറയിലിരുത്തി പഞ്ചായത്തില്‍ യോഗം

പഞ്ചായത്തില്‍ യോഗം ചേരുമ്പോള്‍ തറയില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു പഞ്ചായത്ത് പ്രസിഡന്‍രുണ്ട് തമിഴ്നാട്ടില്‍. മറ്റ് അംഗങ്ങള്‍ കസേരകളിലിരിക്കും. ദലിത് പഞ്ചായത്ത് പ്രഡിസന്‍റ് നിലത്തിരുന്നാല്‍ മതിയെന്നാണ് മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്‍റിന്‍റെയും മറ്റ് അംഗങ്ങളുടെയും കല്‍പന. കുഡല്ലൂരിലെ തെര്‍ക്കുതിട്ടെ ഗ്രാമത്തിലാണ് സംഭവം. രാജേശ്വരി എന്നാണ് ഇത്തരത്തില്‍ ജാതിവിവേചനത്തിനിരയായ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേര്.

"ഈ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നതില്‍ പിന്നെ നാല് യോഗങ്ങളാണ് നടന്നത്. പഞ്ചായത്തിലെ മറ്റ് അംഗങ്ങളാണ്, യോഗം നടക്കുമ്പോള്‍ നിലത്തേ ഇരിക്കാന്‍ പാടുള്ളൂ എന്ന് എന്നോട് പറഞ്ഞത്. മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. മറ്റൊരു ദലിത് അംഗത്തെയും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ല. പ്രസിഡന്‍റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്‍റ് സമ്മതിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചില്ല"- രാജേശ്വരി പറയുന്നു.

വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തേര്‍ക്കുതിട്ടെയിലുള്ളത്. പട്ടികജാതി സമുദായത്തിലെ 100 കുടുംബങ്ങളും ഇവിടെയുണ്ട്. ജാതിവിചേനത്തിനെതിരെ ശബ്ദിക്കാന്‍ ഭയമായിരുന്നുവെന്ന് രാജേശ്വരിയുടെ ഭര്‍ത്താവ് ശരവണകുമാര്‍ പറഞ്ഞു. പക്ഷേ കുറച്ച് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങള്‍ കാരണം പുറത്തുപറയാതെ വയ്യെന്നായി- "ഞങ്ങള്‍ താഴ്ന്നവരാണെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞത്. പഞ്ചായത്തിന്‍റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. ഇനിയും വിവേചനം സഹിക്കാനാവില്ല. മതിയായി. ഇതോടെയാണ് പരാതി നല്‍കിയത്".

പരാതി ലഭിച്ചതോടെ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കുഡല്ലൂര്‍ എസ് പി ശ്രീഅഭിനവ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജനും പഞ്ചായത്ത് സെക്രട്ടറിക്കും എതിരെയാണ് കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എസ്പി അറിയിച്ചു.

രണ്ട് മാസം മുന്‍പ് തമിഴ്നാട്ടിലെ തന്നെ മറ്റൊരു പഞ്ചായത്തില്‍ നിന്നും സമാനമായ ജാതിവിവേചനത്തിന്‍റെ വാര്‍ത്ത പുറത്തുവന്നിരുന്നു. തിരുവള്ളൂര്‍ ജില്ലയിലെ ആത്തുപാക്കം പഞ്ചായത്തിലെ ദലിത് പ്രസിഡന്‍റ് അമൃതത്തെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കാതെ തടഞ്ഞിരുന്നു. മേല്‍ജാതിക്കാരനായ മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ടാണ് അമൃതത്തെ തടഞ്ഞത്. കലക്ടറും എസ്പിയും ഇടപെട്ട് ആഗസ്ത് 20നാണ് പതാക ഉയര്‍ത്താനായത്.