ദിവസവും രണ്ട് മണിക്കൂര്‍ റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ; അര്‍ണബിന് കുരുക്കായി സാക്ഷിമൊഴി
പിടിയിലായ വിശാല്‍ വേദ് ഭണ്ഡാരി എന്നയാളുടെ ഡയറിയില്‍ നിന്നും പൊലീസിന് റിപബ്ലിക് ടിവിയെ കുരുക്കുന്ന തെളിവുകള്‍ ലഭിച്ചു.
ടി.ആർ.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. അതോടൊപ്പം പിടിയിലായ വിശാല്‍ വേദ് ഭണ്ഡാരി എന്നയാളുടെ ഡയറിയില്‍ നിന്നും പൊലീസിന് റിപബ്ലിക് ടിവിയെ കുരുക്കുന്ന തെളിവുകള്‍ ലഭിച്ചു.
ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ വിശാല്‍ ഭണ്ഡാരി പണം വാഗ്ദാനം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. വിശാലിന്റെ ഡയറിയില്‍ നിന്ന് ലഭിച്ച പണമിടപാടിന്റെ രേഖകള്‍ പ്രകാരം അന്വേഷിച്ചപ്പോള്‍ റിപബ്ലിക് ടി.വി കാണാന്‍ പണം ലഭിച്ചെന്ന് സാക്ഷികള്‍ മൊഴി നല്‍കുകയായിരുന്നു.
2019 ജനുവരിയിൽ ടി.ആർ.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റർ സ്ഥാപിക്കാനെത്തിയയാൾ റിപബ്ലിക് ടി.വി കാണുകയാണെങ്കിൽ പണം നൽകാമെന്ന് അറിയിച്ചുവെന്നാണ് ഒരു സാക്ഷിമൊഴി. ദിനേശ് വിശ്വകർമ, വിശാൽ ഭണ്ഡാരി എന്നീ രണ്ട് പേരാണ് വീട്ടിലെത്തിയത്. റിപബ്ലിക് ടിവി കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, തനിക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞെന്നാണ് സ്ത്രീയുടെ മൊഴി. എങ്കില്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ കാണുകയാണെങ്കില്‍ പ്രതിമാസം 400 രൂപ തരാമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ തരികയും ചെയ്തു. അതിന് ശേഷവും താന്‍ കാണാറില്ലായിരുന്നെങ്കിലും റിപബ്ലിക് ടിവി ഓണ്‍ ചെയ്ത് വെയ്ക്കാറുണ്ടായിരുന്നുവെന്ന് യുവതി മൊഴി നല്കി.
റേറ്റിങില്‍ റിപബ്ലിക് ടിവിക്ക് പെട്ടെന്ന് കുതിച്ചുചാട്ടമുണ്ടായത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ സംശയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ബാര്കിന് വേണ്ടി മീറ്ററുകള്‍ സ്ഥാപിച്ച ഹന്‍സ റിസര്‍ച്ച് എന്ന കമ്പനി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എവിടെയെല്ലാമാണ് ബാരോമീറ്റര്‍ സ്ഥാപിച്ചതെന്ന ഡാറ്റ ചില മുന്‍ജീവനക്കാര്‍ ചോര്‍ത്തി വിറ്റെന്നാണ് ഹന്‍സ പരാതി നല്‍കിയത്.
ഇന്നലെയാണ് റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചത്. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയും ആരോപണമുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയെന്നും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.