LiveTV

Live

National

'ഖനന മാഫിയയാണ്, ആദിവാസികളുടെ ജീവനേക്കാള്‍ മോദി സര്‍ക്കാരിന് പ്രധാനം': 83കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ അറസ്റ്റിനെതിരെ രാമചന്ദ്രഗുഹ

83കാരനായ സ്റ്റാന്‍ സ്വാമിയെ ഭിമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

'ഖനന മാഫിയയാണ്, ആദിവാസികളുടെ ജീവനേക്കാള്‍ മോദി സര്‍ക്കാരിന് പ്രധാനം': 83കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ അറസ്റ്റിനെതിരെ രാമചന്ദ്രഗുഹ

മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 83കാരനായ സ്റ്റാന്‍ സ്വാമിയെ ഭിമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടിലത്തിയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.

ചരിത്രകാരന്‍ രാമചന്ദ്രഗുഹ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ചു- "ജീവിതം മുഴുവന്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവ്.. അതുകൊണ്ടുതന്നെയാണ് മോദി വാഴ്ചക്കാലത്ത് അദ്ദേഹം അറസ്റ്റിലായത്. അവരെ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനുമാണ് ശ്രമം. ആദിവാസികളുടെ ജീവനും ജീവിതവുമല്ല ഖനന കമ്പനികളുടെ ലാഭമാണ് മോദി സര്‍ക്കാരിന് പ്രധാനം".

ഇതിന് മുന്‍പ് 15 മണിക്കൂറോളം തന്നെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു- "എന്‍ഐഎ എന്‍രെ പിന്നാലെയുണ്ട്. മുംബൈയിലെ എന്‍ഐഎ ഓഫീസിലെത്താന്‍ എന്നോട് പറഞ്ഞു. ഞാന്‍ വിസമ്മതിച്ചു. 83കാരനായ എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. മാത്രമല്ല കോവിഡ് വ്യാപനത്തിന്‍റെ സമയവും. ഞാന്‍ ജീവിതത്തിലൊരിക്കലും ഭിമ കൊറേഗാവില്‍ പോയിട്ടില്ല"- സ്റ്റാന്‍ സ്വാമി ഒക്ടോബര്‍ 6ന് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് സ്റ്റാന്‍ സ്വാമി.

ഭീമ കൊറേഗാവിന്റെ പേരില്‍ നേരത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദലിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലഖ്, ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെയെല്ലാം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമി. മാവോ ബന്ധം ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.