LiveTV

Live

National

"സ്വന്തം ഗ്രാമത്തില്‍ ഞാന്‍ ജാതി വിവേചനം നേരിടുന്നു": നവാസുദ്ദിന്‍ സിദ്ദിഖി

ജാതിചിന്ത ഗ്രാമങ്ങളില്‍ ശക്തമാണെന്ന് ഉത്തര്‍ പ്രദേശ് സ്വദേശിയായ നവാസുദ്ദിന്‍ സിദ്ദിഖി

"സ്വന്തം ഗ്രാമത്തില്‍ ഞാന്‍ ജാതി വിവേചനം നേരിടുന്നു": നവാസുദ്ദിന്‍ സിദ്ദിഖി

ജാതിവിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി. ജാതിചിന്ത ഗ്രാമങ്ങളില്‍ ശക്തമാണെന്ന് ഉത്തര്‍ പ്രദേശ് സ്വദേശിയായ നടന്‍ പറഞ്ഞു. ജാതിവിവേചനത്തിനെതിരെ ശബ്ദമുയരണമെന്നും ഹാഥ്റസ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം പ്രതികരിച്ചു.

"എന്‍റെ മുത്തശ്ശി പിന്നാക്ക ജാതിയില്‍പ്പെട്ടയാളാണ്. അതുകൊണ്ട് കുടുംബത്തിലും ഗ്രാമത്തിലും വിവേചനം നേരിടുന്നുണ്ട്. ഇന്നും അവര്‍ ഞങ്ങളെ അംഗീകരിച്ചിട്ടില്ല"- ഏറെ പ്രശസ്തനായ, കയ്യടി നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നവാസുദ്ദിന്‍ സിദ്ദിഖി പറഞ്ഞു.

"ഞാന്‍ പ്രശസ്തനാണോ എന്നതൊന്നും അവര്‍ക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട്. ജാതി അഭിമാനമായാണ് അവര്‍ കരുതുന്നത്. ഇന്നും അങ്ങനെ തന്നെയാണ്. വളരെ ബുദ്ധിമുട്ടാണിത്".

ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവത്തില്‍ ഉയരുന്ന പ്രതിഷേധത്തെ കുറിച്ച് സിദ്ദിഖി പറഞ്ഞതിങ്ങനെ- തെറ്റ് തെറ്റ് തന്നെയാണ്. ഹാഥ്റസില്‍ സംഭവിച്ചതിനെതിരെ കലാകാരന്മാരുടെ ശബ്ദവും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശബ്ദയുര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്- നവാസുദ്ദിന്‍ സിദ്ദിഖി എന്‍ഡിടിവിയോട് പ്രതികരിച്ചു.

ജാതിവിവേചനമൊന്നുമില്ലെന്നാണ് ആളുകള്‍ ട്വിറ്ററില്‍ പറയുന്നത്. ഇതേ ആളുകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിച്ചാല്‍ യാഥാര്‍ഥ്യം മനസ്സിലാകുമെന്നും നവാസുദ്ദിന്‍ സിദ്ദിഖി പറഞ്ഞു.